കോൺഗ്രസിന്റേത് പാവപ്പെട്ടവർക്കെതിരായ മനസ്സ് : മുഖ്യമന്ത്രി

മൂത്തേടം മരംവെട്ടിച്ചാലിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു /ഫോട്ടോ: മിഥുൻ അനില മിത്രൻ
നിലമ്പൂർ
ക്ഷേമ പെൻഷൻ കൈക്കൂലിയാണെന്ന കോൺഗ്രസ് കേന്ദ്ര നേതാവിന്റെ പ്രസ്‌താവന പാവപ്പെട്ടവർക്കെതിരായ അവരുടെ മനസ്സാണ് തുറന്ന് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചുങ്കത്തറയിലും മൂത്തേടത്തും എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലികൾ ഉദ്‌ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാവപ്പെട്ടവരുടെ ആശ്രയമായ ക്ഷേമ പെൻഷന് തുടക്കംമുതൽ യുഡിഎഫ് എതിരായിരുന്നു. എല്ലാ തവണയും എൽഡിഎഫ് സർക്കാരുകളാണ് പെൻഷൻ തുക വർധിപ്പിച്ചത്. ആ ഘട്ടത്തിലെല്ലാം എതിർത്ത യുഡിഎഫ് 2011–-16ൽ മാത്രമാണ് 100 രൂപ വർധിപ്പിച്ചത്. എന്നാൽ ഒരു തുകയും നൽകാതെ 18 മാസം കുടിശ്ശിക വരുത്തി. പിന്നീട് വന്ന എൽഡിഎഫ് സർക്കാരാണ് ഇത് കൊടുത്ത് തീർത്തതും പെൻഷൻ തുക 1600 രൂപയായി വർധിപ്പിച്ചതും. 2016–-ലെ സർക്കാർ ആദ്യ മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം ഇതായിരുന്നു.
ക്ഷേമ പെൻഷൻ തങ്ങൾക്ക് സ്വീകാര്യമേ അല്ല എന്ന നിലപാടാണ് എല്ലാ കാലവും കോൺഗ്രസിന്. കൃത്യമായും വിട്ടുവീഴ്‌ചയില്ലാതെയും പെൻഷൻ കൊടുക്കുകയാണ് എൽഡിഎഫ് നയം. പെൻഷൻ നൽകുന്നത് തടസ്സപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തിയപ്പോൾ യുഡിഎഫ് അതിന് കൂട്ടുനിന്നു. കേരളത്തെ സാമ്പത്തികമായി കേന്ദ്ര സർക്കാർ ശ്വാസംമുട്ടിക്കുമ്പോൾ അവർക്കൊപ്പം ചേരുന്ന യുഡിഎഫ് തകർക്കാൻ ശ്രമിക്കുന്നത് ക്ഷേമ പെൻഷനെ കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 comments