ജനാധിപത്യത്തിനെതിരായ ഏത് ഫാസിസ്റ്റ് നടപടിയെയും ചെറുത്ത് ഐഎഫ്‌എഫ്‌കെ ഇവിടെത്തന്നെ ഉണ്ടാകും
print edition ‘ബീഫ് എന്നാൽ അവർക്ക് ഒരർഥമേ ഉള്ളൂ’ ; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം
ഭിന്നസ്വരങ്ങളെയും വൈവിധ്യമാർന്ന സർഗാവിഷ്‌കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഐഎഫ്‌എഫ്‌കെയിലെ ആറു ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാരിന്റെ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങേയറ്റം അപഹാസ്യമായ തീരുമാനങ്ങളായിരുന്നു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റേത്. ഉദാഹരണത്തിന്, ബീഫ് എന്ന പേരിലുള്ള സ്പാനിഷ് സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ചു. ബീഫ് എന്നാൽ അവർക്ക് ഒരർഥമേ ഉള്ളൂ. എന്നാൽ, ബീഫ് എന്ന ഭക്ഷണപദാർഥവുമായി സിനിമയ്‌ക്ക് പുലബന്ധംപോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനസമ്മേളനം നിശാഗന്ധിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സ്‌പാനിഷ് ജനപ്രിയസംഗീതമായ ഹിപ്ഹോപുമായി ബന്ധപ്പെട്ട സിനിമയായിരുന്നു ബീഫ്. ഹിപ്‌ഹോപ് സംഗീതസംസ്‌കാരത്തിൽ ബീഫ് എന്നാൽ അർഥം പോരാട്ടം, കലഹം എന്നൊക്കെയാണ്. ഇത് തിരിച്ചറിയാതെ ബീഫ് എന്നുകേട്ട ഉടൻ ഇവിടത്തെ ബീഫാണെന്നു കരുതി അതിനെതിരെ വാളെടുക്കുകയായിരുന്നു. പലസ്‌തീൻ രാഷ്‌ട്രീയം ചർച്ച ചെയ്യുന്ന സിനിമകൾക്ക് സെൻസർ ഇളവ് നിഷേധിച്ചതിലൂടെ പലസ്‌തീൻ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ഒരിക്കൽക്കൂടി വ്യക്തമായി. പലസ്‌തീന്റെ ചരിത്രത്തിൽ ഏറ്റവും സംഘർഷഭരിതമായ ഒരുകാലത്തെ കേരളം കാണേണ്ടതില്ലെന്ന രാഷ്‌ട്രീയപ്രേരിതമായ തീരുമാനമാണ് വിലക്കുകൾക്കുപിന്നിൽ. വെടിയേറ്റു പിടയുന്പോഴും നിലപാട് ഉയർത്തിപ്പിടിച്ച സൊളാനസിനെപ്പോലുള്ള വിപ്ലവകാരികളായ ചലച്ചിത്രകാരന്മാരാണ് എന്നും ഐഎഫ്‌എഫ്‌കെയ്‌ക്ക് സ്വാതന്ത്ര്യബോധത്തിന്റെ ഉൗർജം പകർന്നത്. 30 വർഷം പ്രായമായ ഐഎഫ്‌എഫ്‌കെയെ ഞെരിച്ചുകൊല്ലാനുള്ള സ്വേച്ഛാധിപത്യപരമായ ശ്രമങ്ങളാണ് ഇതിനുപിന്നിൽ. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് കൃത്യമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.
ജനാധിപത്യത്തിനെതിരായ ഏത് ഫാസിസ്റ്റ് നടപടിയെയും ചെറുത്ത് ഐഎഫ്‌എഫ്-്കെ ഇവിടെത്തന്നെ ഉണ്ടാകും. ഏതൊക്കെ സിനിമാപ്രവർത്തകർ കേരളത്തിൽ വരണമെന്ന സ്വാതന്ത്ര്യത്തിൽപ്പോലും കേന്ദ്രസർക്കാർ കൈകടത്തി തുടങ്ങി. അതീവഗൗരവമായ കാര്യമാണിത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരണം. സാംസ്‌കാരിക ഇടങ്ങൾ തിരിച്ചുപിടിക്കുക എന്നത് ഇൗ കാലഘട്ടത്തിന്റെ അനിവാര്യമായ രാഷ്‌ട്രീയദൗത്യമാണെന്നും അതിന് സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments