print edition മോഡി– വിഡി–ഇഡി ഡീൽ; ഉന്നത ഗൂഢാലോചന

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽനിന്ന് ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുന്നു ഫോട്ടോ: ജി പ്രമോദ്
ഒ വി സുരേഷ്
Published on May 28, 2026, 01:04 AM | 2 min read
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിനുപിന്നാലെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കടന്നുകയറ്റം. മുൻ മുഖ്യമന്ത്രിയുടെ തിരുവനന്തപുരം ബേക്കറി ജങ്‌ഷനിലെ വാടകവീട്ടിലും കണ്ണൂർ പിണറായിയിലെ വീട്ടിലുമാണ് റെയ്‌ഡിന് എത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സംഘം എത്തി.
ടി വീണയുടെ എക്‌സാലോജിക് കമ്പനിയും സിഎംആർഎല്ലുമായുള്ള നിയമപരമായ ഇടപാടിനെ കള്ളപ്പണമെന്ന് മുദ്രകുത്തിയുള്ള ദീർഘകാല വേട്ടയാടലിന്റെ ഭാഗമാണ് റെയ്‌ഡ്. നേരത്തെയുള്ള അന്വേഷണങ്ങളിലൊന്നും ഇഡിക്ക് ഒരു തെളിവും ലഭിച്ചിരുന്നില്ല. എന്നിട്ടും ഭരണമാറ്റത്തിനു പിന്നാലെ ഇഡി കടന്നുവന്നതിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് വ്യക്തം. എന്തുകൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്നാണ് രാഹുൽ ഗാന്ധി രണ്ടാഴ്‌ച മുന്പ് പറഞ്ഞത്.
ചൊവ്വാഴ്‌ച ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു. ബുധനാഴ്‌ച സതീശൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിക്കുന്നതിന് തൊട്ടുമുമ്പാണ് റെയ്‌ഡ് തുടങ്ങിയത്. അതേക്കുറിച്ചുള്ള ചോദ്യങ്ങളോട് സതീശൻ പ്രതികരിച്ചില്ല.
റെയ്‌ഡിനെക്കുറിച്ച് സംസ്ഥാന പൊലീസിന് അറിയില്ലായിരുന്നു എന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. കോഴിക്കോട് കോട്ടൂളിയിൽ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിൽ രാവിലെ 7.10ന് റെയ്‌ഡ് നടന്നത് കേന്ദ്ര സേനയുടെയും കേരള പൊലീസിന്റെയും കാവലിലാണ്. എന്നിട്ടും, പൊലീസ് ഇന്റലിജൻസ് വിഭാഗം റെയ്‌ഡ് അറിഞ്ഞില്ല എന്ന് മന്ത്രി പറയുന്നത് അവിശ്വസനീയം.
ആയുധമേന്തിയ കേന്ദ്രസേനയുടെ സുരക്ഷയിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്. റെയ്‌ഡ് നടത്തുന്നത് പുറത്തറിഞ്ഞതോടെ സംസ്ഥാനത്താകെ ജനങ്ങൾ ആരുടെയും ആഹ്വാനമില്ലാതെ തെരുവിലിറങ്ങി പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിലിരുന്ന് മുദ്രാവാക്യംവിളിച്ചു. ഇഡി സംഘം തിരിച്ചുപോകുന്നതിനിടെ കനത്ത പ്രതിഷേധം നേരിടേണ്ടിവന്നു. ഇഡി ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ പാളയത്തെ സിപിഐ എമ്മിന്റെ ഓഫീസിൽ കയറി അറസ്‌റ്റ്‌ചെയ്യാൻ പൊലീസ് മുതിർന്നത് വീണ്ടും സംഘർഷം സൃഷ്‌ടിച്ചു.
പിണറായിയിൽ പ്രതിഷേധത്തിന് കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, കെ കെ ശൈലജ എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്‌ച എൽഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനംചെയ്‌തിട്ടുണ്ട്.
ആർ സിയും കെ കെയും മന്ത്രിമാരാണ്; തൊടാതെ ഇഡി
സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത ഡയറിയിൽ ലക്ഷങ്ങൾ കൈപ്പറ്റിയതായിപേരുള്ള രണ്ടുപേർ ഇപ്പോൾ സംസ്ഥാനത്തെ സതീശൻ മന്ത്രിസഭയിലുണ്ട്. രണ്ടുപേരും പണം കൈപ്പറ്റിയതായി സമ്മതിച്ചിട്ടും നോട്ടീസ് അയച്ച് വിളിപ്പിക്കാൻപോലും തയ്യാറാകാതിരുന്ന ഇഡിയാണ് രണ്ടു സ്ഥാപനങ്ങൾ തമ്മിലുള്ള നിയമപരമായ ഇടപാടിന്റെ പേരിൽ, അതുമായി ഒരു ബന്ധവുമില്ലാത്ത പിണറായിക്കെതിരെ നീങ്ങുന്നത്.
ആർസി, ഒസി, കെകെ, ഇകെ, പിവി എന്നിങ്ങനെയായിരുന്നു ഡയറിയിലെ ചുരുക്കപ്പേരുകൾ. ആർസി രമേശ് ചെന്നിത്തലയും ഒസി ഉമ്മൻചാണ്ടിയും കെകെ പി കെ കുഞ്ഞാലിക്കുട്ടിയും ഇകെ മുൻ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞും ആണെന്ന ആക്ഷേപമുയർന്നു. പണം വാങ്ങിയിട്ടുണ്ടെന്നും അത് പാർടിക്കുവേണ്ടിയാണെന്നും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സമ്മതിച്ചിരുന്നു. അവരിപ്പോൾ മന്ത്രിമാരാണ്. ‘ഇകെ’യുടെ മകനും മന്ത്രിസഭയിലുണ്ട്. ഇവരോട് ഇഡിക്കുള്ള ഇഷ്‌ടം രാഷ്‌ട്രീയ കാരണങ്ങളാൽ മാത്രമാണ്.
ഇപ്പോഴത്തെ ഇഡിയുമായുള്ള ഡീലിൽ കേരളത്തിലെ കോൺഗ്രസിന്റെ അധികാരത്തർക്കവും ആഭ്യന്തര കലഹവും കാരണമായി എന്നാണ് സൂചന. ഡയറിയിലുള്ള ‘പിവി’ പിണറായി വിജയനാണെന്ന് യുഡിഎഫ് ആരോപിച്ചപ്പോൾ ‘അത് ഞാനല്ല’ എന്ന് നിയമസഭയിലും പുറത്തും ആർജവത്തോടെ പറഞ്ഞത് പിണറായി വിജയൻ മാത്രമായിരുന്നു. ‘ഇതുപോലെ പറയാനാകുമോ’ എന്ന് യുഡിഎഫിനെ വെല്ലുവിളിക്കുകയുംചെയ്‌തു. നിയമസഭാ രേഖയിൽ ഇവ മായാതെ കിടപ്പുണ്ട്. ഇൗ വെല്ലുവിളി ഇതുവരെ ഏറ്റെടുത്തിട്ടില്ല.











0 comments