ഡിജിറ്റൽ സർവേ ; ഭൂമിസംബന്ധമായ എല്ലാ തർക്കങ്ങൾക്കും ശാശ്വത പരിഹാരം : മുഖ്യമന്ത്രി

തിരുവനന്തപുരം
ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ഭൂമി സംബന്ധിച്ച ഒരുതർക്കവും സംസ്ഥാനത്തെവിടെയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നേരിടുന്ന വലിയ പ്രശ്‌നത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാവുക. അതിർത്തി സംബന്ധിച്ച് വലിയ തർക്കങ്ങൾ നിലവിലുണ്ട്. പല രേഖകളിലും വ്യത്യസ്‌ത നിലയുള്ളതാണ് ഇതിനു കാരണം. ഈ വിഷയം പരിഹരിക്കാനാണ് ശാസ്‌ത്രീയമായ സർവേ ആരംഭിച്ചത്. ഇതുവഴി ഏതൊരു ഭൂമി സംബന്ധിച്ച വിവരവും സുതാര്യമാകും. ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിന്റെ ഭൂമി കോൺക്ലേവ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അധികഭൂമി സംബന്ധിച്ച വിഷയങ്ങൾ പരിഹരിക്കുന്ന സെറ്റിൽമെന്റ് നിയമം ഈ സർക്കാരിന്റെ കാലത്തുതന്നെ നടപ്പാക്കുമെന്ന് അധ്യക്ഷനായ റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹിമാചൽ പ്രദേശ് റവന്യുമന്ത്രി ജഗത്‌സിങ് നേഗി മുഖ്യാതിഥിയായി. മന്ത്രിമാരായ കെ കൃഷ്‌ണൻകുട്ടി, എ കെ ശശീന്ദ്രൻ, റോഷി അഗസ്‌റ്റിൻ, കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, ജി ആർ അനിൽ, രാജ്യസഭാംഗം എ എ റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിലായി കോവളം ഉദയ് സമുദ്ര ഹോട്ടലിലാണ് കോൺക്ലേവ്. 23 സംസ്ഥാനങ്ങളിൽനിന്നുള്ള റവന്യു ഉദ്യോഗസ്ഥർ പങ്കെടുക്കും.









0 comments