ad
Deshabhimani

print edition ജീവനക്കാരോട്‌ സർക്കാരിന്‌ 
ശത്രുതാ മനോഭാവം: പിണറായി വിജയൻ

pinarayi vijayan press meet 1.jpg
വെബ് ഡെസ്ക്

Published on Aug 11, 2026, 01:30 AM | 1 min read

തിരുവനന്തപുരം: ഭരണാനുകൂല സംഘടനകളുടെയും സർക്കാരിന്റെയും തെറ്റായ നടപടിമൂലം ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതിജനകമായ സാഹചര്യമാണ് കേരളത്തിലെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. കാസർകോട് കലക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ജീവനൊടുക്കിയത്‌ ഞെട്ടിക്കുന്നതാണ്.


ഭരണമാറ്റത്തെ തുടർന്നുള്ള നിർബന്ധിത സെക്ഷൻ മാറ്റം സൃഷ്ടിച്ച മാനസിക സംഘർഷമാണ് മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് വിവരം. ജീവനക്കാരോട് ശത്രുതാമനോഭാവം പുലർത്തുകയും പൊതുസമൂഹത്തിനുമുന്നിൽ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന തൊഴിലാളി വിരുദ്ധ നയങ്ങളാണ്‌ സർക്കാരിനെന്നും പിണറായി പ്രസ്താവനയിൽ പറഞ്ഞു.


എൻജിഒ അസോസിയേഷൻ നേതാക്കൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഡോ. കെ വി രാധാമണിക്ക് ഹൃദയാഘാതമുണ്ടായത്‌ കഴിഞ്ഞദിവസമാണ്‌. രാഷ്ട്രീയതാൽപ്പര്യത്തിലുള്ള ചട്ടവിരുദ്ധ സ്ഥലംമാറ്റ ഉത്തരവിൽ ഒപ്പിടാത്തതിനാലാണ്‌ രോഗികളുടെ മുന്നിൽവച്ച്‌ അവരെ അധിക്ഷേിച്ചത്‌.


ഭരണത്തണലിൽ അഴിഞ്ഞാടുന്ന ഗുണ്ടാസംഘങ്ങളെ സർക്കാർ നിലയ്ക്കുനിർത്തണം. മാനദണ്ഡം പാലിക്കാതെയുള്ള രാഷ്ട്രീയപ്രേരിത കൂട്ടസ്ഥലംമാറ്റങ്ങൾ സിവിൽ സർവീസിനെ സ്തംഭിപ്പിച്ചു. ജീവനക്കാരെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന സർവീസ് സംഘടനകളെയും ഭീഷണിപ്പെടുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിക്കുൾപ്പെടെ.


അവകാശപോരാട്ടങ്ങളെ അഹങ്കാരത്തോടെ അപഹസിക്കുകയും പൊതുവേദിയിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്‌ പദവിക്ക്‌ യോജിക്കാത്തതാണ്‌.


എൽഡിഎഫ്‌ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയായിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണ്. സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുകയും ശമ്പള പരിഷ്കരണ കമീഷനെ നിയമിക്കുകയുമാണ്‌ എൽഡിഎഫ് ചെയ്തത്‌.


യുഡിഎഫ് ശമ്പള പരിഷ്‌കരണം 10 വർഷത്തിലൊരിക്കൽ മതിയെന്ന നിലപാടെടുത്ത് ജീവനക്കാരെ വഞ്ചിക്കുകയാണ്. ക്ഷാമബത്ത കുടിശ്ശിക, ഏൺഡ് ലീവ് സറണ്ടർ, അഷ്വേർഡ് പെൻഷൻ എന്നിവ തടഞ്ഞു. താൽക്കാലിക ജീവനക്കാരെയും പെരുവഴിയിലാക്കുകയാണ്– പിണറായി പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home