ad
Deshabhimani

print edition കേന്ദ്രസേനയെ കിട്ടാൻ ബിജെപി സഹായം എന്തിന്‌? വീഴ്‌ച മറയ്‌ക്കാൻ മരണക്കണക്കിന്റെ താരതമ്യം ഹീനം

pinarayi vijayan press meet 1.jpg
വെബ് ഡെസ്ക്

Published on Aug 13, 2026, 01:30 AM | 1 min read

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയിലെ സർക്കാർ വീഴ്‌ച മറയ്‌ക്കാൻ മരണങ്ങളുടെ കണക്കെടുത്തുള്ള താരതമ്യം ഹൃദയശൂന്യമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. ഇപ്പോള്‍ മൂന്നുപേരെയാണ് കാണാതായതെങ്കില്‍ എല്‍ഡിഎഫ് കാലത്ത് 148പേരെ കടലില്‍ കാണാതായി എന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. ഇ‍ൗ താരതമ്യം മനുഷ്യത്വരഹിതമാണെന്ന്‌ പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്രസേനയുടെ സഹായംകിട്ടാൻ ഒരു മന്ത്രി ബിജെപി സംസ്ഥാന പ്രസിഡന്റിനോട്‌ അപേക്ഷിച്ചുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്‌. ഇത്‌ കേട്ടുകേൾവിയില്ലാത്തതാണ്‌. മുഖ്യമന്ത്രിയും മന്ത്രിമാരും 10ദിവസം കഴിഞ്ഞാണ്‌ കടലിൽ കാണാതായവരുടെ കുടുംബങ്ങളെ സന്ദർശിച്ചത്‌.


ദുരന്തബാധിതർക്ക്‌ ഓഖി കാലത്തേതിന്‌ സമാനമായ സഹായം നൽകണം.

മുന്നറിയിപ്പ്‌ ലഭിക്കാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വന്‍ ദുരന്തമാണ് നേരിട്ടത്‌. ആദ്യമായല്ല മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതാകുന്നതെന്നും തീരപ്രദേശത്തെ ആളുകളെ അറിയാല്ലോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മന്ത്രി കെ മുരളീധരനും ഇത്‌ ആവർത്തിച്ചു. ഇത്‌ തീരദേശവാസികളെ അവഹേളിക്കലാണ്‌. കടലിൽ കാണാതായ ജോണ്‍ മത്യാസിന്റെ മകള്‍ ജിജിക്കെതിരെ സൈബർ ആക്രമണം നടത്തിയ യുഡിഎഫ് അനുകൂലികള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.


കടലില്‍ കാണാതാകുന്നവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ ഏഴുവര്‍ഷം കാത്തിരിക്കണമെന്ന നിയമം യുഡിഎഫ് മാറ്റുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്‌. ഇ‍ൗ നിയമങ്ങൾ എൽഡിഎഫ്‌ സർക്കാർതന്നെ മാറ്റിയിരുന്നു.


ഓഖിയിൽ കണ്ടെത്താനാകാതിരുന്ന 33 പേര്‍ ഉള്‍പ്പെടെ ജീവൻ നഷ്ടപ്പെട്ട 142 മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക് ഏഴ്‌ വര്‍ഷ മാനദണ്ഡം ബാധകമാക്കാതെ 22 ലക്ഷം രൂപ വീതം നല്‍കി. കുടുംബനാഥനെ നഷ്ടപ്പെട്ടവര്‍ക്ക് ജോലി, കുട്ടികള്‍ക്ക് വിദ്യാഭ്യാസം, അവരുടെ സംരക്ഷണത്തിനായി 2035 വരെ 13.5 കോടി രൂപ ട്രഷറിയില്‍ നിക്ഷേപിക്കൽ എന്നിവ ചെയ്തു. ഇത്‌ പരിശോധിക്കാതെയാണ്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌.

ചരിത്രത്തിലാദ്യമായാണ് ഡ്രോണും ഹെലികോപ്റ്ററും ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നതെന്ന മുഖ്യമന്ത്രിയുടെ അവകാശവാദവും കള്ളമാണ്‌. ഓഖി ദുരന്തസമയത്ത് എയര്‍ഫോഴ്സിന്റെയും നേവിയുടെയും ഹെലികോപ്റ്ററുകളും കപ്പലുകളും ഉടനടി രംഗത്തിറക്കി നൂറുകണക്കിന് തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്നും പിണറായി വിജയൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home