കൊക്കൂൺ 18–ാം പതിപ്പ് സമാപിച്ചു
സൈബർ ആക്രമണങ്ങൾക്കെതിരെ കൂടുതൽ കരുതൽ വേണം : മുഖ്യമന്ത്രി

കൊച്ചി
ഭരണസംവിധാനങ്ങൾ കൂടുതൽ ഡിജിറ്റൈസ് ചെയ്യപ്പെടുന്നതിനാൽ, സൈബർ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും നേരിടാൻ സർക്കാരുകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തികളെയും വ്യവസായങ്ങളെയുംമാത്രമല്ല, നിയമനിർവഹണ ഏജൻസികളെയും സർക്കാരുകളെയും വളരെയേറെ ആശങ്കപ്പെടുത്തുന്ന വിഷയമാണ് സൈബർസുരക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊക്കൂൺ 18–ാം പതിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സൈബർസുരക്ഷാ അവബോധം, നയരൂപീകരണ ചർച്ച, പുതിയ കണ്ടെത്തലുകൾ എന്നിവയ്ക്കുള്ള രാജ്യത്തെ മുൻനിര പ്ലാറ്റ്‌ഫോമായി കൊക്കൂൺ വളർന്നു. സൈബർ സുരക്ഷാരംഗത്തെ ദേശീയ ഹബ്ബാകാനും ഇന്ത്യയുടെ ഡിജിറ്റൽ സുരക്ഷാരംഗത്തിന് പ്രധാന സംഭാവന നൽകാനും കേരളത്തിന് ഇതിലൂടെ സാധിച്ചു.
സൈബർസുരക്ഷയും ദേശീയസുരക്ഷയും തമ്മിലുള്ള നിർണായക ബന്ധത്തെ ഈ സമ്മേളനം അടിവരയിടുന്നു. സൈബർശേഷി വികസനവും സൈബർ ആക്രമണങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയാണ് കൊക്കൂൺ നടന്നത്. ദേശീയനയത്തെ സ്വാധീനിക്കാനും ഇന്ത്യയുടെ സൈബർ-സുരക്ഷാ ചട്ടക്കൂടിന് വിലപ്പെട്ട സംഭാവന നൽകാനും ഇതിലൂടെ കേരളത്തിന് വഴിയൊരുക്കും. ഡിജിറ്റൽ ഉപകരണങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതുസംബന്ധിച്ച സുരക്ഷാനടപടികളെക്കുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി. മേയർ എം അനിൽകുമാർ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, സംസ്ഥാന വിജിലൻസ് മേധാവി മനോജ് എബ്രഹാം, എഡിജിപി എസ് ശ്രീജിത്ത്, ഐജി പി പ്രകാശ്, സൈബർ ഓപ്പറേഷൻസ് എസ്‌പി അങ്കിത് അശോകൻ, ഇസ്ര പ്രസിഡന്റ് മനു സഖറിയ, ചൈല്‍ഡ് ലൈറ്റ് സിഇഒ പോള്‍ സ്റ്റാൻ ഫീള്‍ഡ് തുടങ്ങിയവർ സംസാരിച്ചു.









0 comments