print edition സിവിൽ സർവീസിനെ സർക്കാർ കുരുതിക്കളമാക്കി: പിണറായി

തിരുവനന്തപുരം: സിവിൽ സർവീസിനെ സർക്കാർ മൂന്നുമാസംകൊണ്ട് ഭരണകൂട ഭീകരതയുടെ കുരുതിക്കളമാക്കിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ജീവനും ആത്മാഭിമാനത്തിനും വിലകല്‍പ്പിക്കാത്ത നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
സർക്കാർ മാറുമ്പോൾ കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് ക്രൂരതയാണ്. ചരിത്രത്തിൽ ആദ്യമായി തുടർഭരണം കിട്ടിയപ്പോഴും അതിനുമുമ്പും എൽഡിഎഫ് സർക്കാർ അത്തരം നടപടി എടുത്തിട്ടില്ല. ജീവനക്കാരെ പിരിച്ചുവിട്ട് കുടുംബശ്രീ അടക്കമുള്ള മേഖലകളിൽ യുഡിഎഫ് അസ്വസ്ഥത സൃഷ്ടിക്കുകയാണ്. പതിനായിരക്കണക്കിന് ജീവനക്കാർക്കാണ് തൊഴിൽ നഷ്‌ടമാകുന്നത്. പല മേഖലകളിലും വഴിവിട്ട നിയമനത്തിനുള്ള നീക്കമാണിത്.
ഭരണപക്ഷ സംഘടനയുടെ പ്രതികാരനടപടിക്ക് ഇരകളായ കാസര്‍കോട് കലക്‌ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആശാലത, ചൊക്ലി എഫ്എച്ച്സിയിലെ സി ദീപലേഖ, കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥനായ കൊളത്തൂര്‍ പുതുക്കുടി സുബിന്‍ലാല്‍ എന്നിവരുടെ ജീവൻ പൊലിഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ ഡോക്‌ടര്‍ കെ വി രാധാമണിക്ക് എന്‍ജിഒ അസോസിയേഷന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായി.
തിരുവനന്തപുരം ഐരാണിമുട്ടം സിഎച്ച്‌സിയിലെത്തി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സീനിയര്‍ വനിതാ മെഡിക്കല്‍ ഓഫീസറോട് അപമര്യാദയായി പെരുമാറി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്താനോ ഭരണകാര്യത്തില്‍ ഇടപെടാനോ പ്രൈവറ്റ് സെക്രട്ടറിക്ക് അധികാരമില്ല. മെയ് 18ന് അധികാരത്തില്‍വന്ന സര്‍ക്കാരിന് മെയ് 12ന് നടന്ന സ്ഥലംമാറ്റത്തിൽ ഉത്തരവാദിത്വമില്ലെന്നാണ് റവന്യൂ മന്ത്രിയുടെ വാദം. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ യുഡിഎഫ് അനുകൂല സര്‍വീസ് സംഘടന നേതാക്കള്‍ ലെറ്റര്‍പാഡിൽ സ്ഥലംമാറ്റ നിര്‍ദേശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. അത് സൂചനയാക്കി സ്ഥലംമാറ്റ ഉത്തരവുകള്‍ മെയ് 18നുമുമ്പ് ഇറങ്ങി. ഇത് കേരള സിവില്‍ സര്‍വീസ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും പിണറായി പറഞ്ഞു.










0 comments