ശബരിമല
വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത ദിവസത്തിൽ തന്നെ തീർഥാടകർ എത്തണം: സന്നിധാനം സ്പെഷ്യൽ ഓഫീസർ

ശബരിമല: വെർച്വൽ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീർഥാടകർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് സന്നിധാനം സ്പെഷ്യൽ പൊലീസ് ഓഫീസർ (എസ്ഒ) ആർ ശ്രീകുമാർ. ബുക്ക് ചെയ്ത ദിവസമല്ലാതെ ആ ടോക്കണുമായി വേറെ ദിവസം എത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലിൽ നിന്ന് സ്പോട്ട് ബുക്കിങ് നൽകുന്നത്. സ്പെഷ്യൽ കമീഷണർ എസ്ഒയുമായി ആലോചിച്ചാണ് 5000ത്തിൽ കൂടുതലായുള്ള സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്. 8500 വരെ ഇത്തരത്തിൽ ദിവസവും ശരാശരി കൊടുക്കാറുണ്ട്. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് വരെ 8800 സ്പോട്ട് ബുക്കിങ് നൽകി. പുലർച്ചെ 12 ന് തുടങ്ങുന്ന ബുക്കിങ് 5000 കവിഞ്ഞാലും സന്നിധാനത്തെ തിരക്ക് നോക്കി അധികമായി നൽകുമെന്നും ആർ ശ്രീകുമാർ പറഞ്ഞു.
സന്നിധാനത്ത് 1590 പോലീസുകാർ
1590 പൊലീസുകാരാണ് നിലവിൽ സന്നിധാനത്ത് മാത്രമുള്ളതെന്ന് എസ്ഒ പറഞ്ഞു. ഇത് മുൻ വർഷങ്ങളെക്കാൾ കൂടുതലാണ്. തീർഥാടകർക്ക് സുഗമദർശന സൗകര്യം ഒരുക്കാനാണ് കൂടുതൽ പൊലീസിനെ വിന്യസിച്ചത്.
18ാം പടിയിൽ നാല് ടേണുകളായി പൊലീസ് ഡ്യൂട്ടി
പതിനട്ടാം പടിയിലെ നിയന്ത്രണമാണ് തിരക്ക് കൈകാര്യം ചെയ്യുന്നതിൽ സുപ്രധാനം. മറ്റുള്ളിടത്ത് പൊലീസ് മൂന്ന് ടേണുകകളായി ജോലി ചെയ്യുമ്പോൾ പതിനട്ടാം പടിയിൽ അത് എ, ബി, സി, ഡി എന്നിങ്ങനെ നാല് ടേണുകളാണ്. ഒരേ സമയം 15 പോലീസുകാരാണ് പതിനട്ടാം പടിയുടെ ഇരുവശത്തുമായി ഡ്യൂട്ടിയിൽ ഉണ്ടാവുക. 15 വീതം മിനിറ്റ് വെച്ച് എ, ബി, സി, ഡി ക്കാർ (ആകെ 60 പേർ) മാറി വരും. ഒരു മണിക്കൂർ കഴിയുന്നതോടെ 60 പൊലീസുകാരും മാറി അടുത്ത 60 പേർ വരും.
ഒരു മിനിറ്റിൽ ശരാശരി 80 പേരെ പടി കടത്താൻ കഴിയുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാർ, പ്രായമുള്ളവർ, കുഞ്ഞു മാളികപ്പുറങ്ങളും മണികണ്ഠൻമാരും, ശരീരഭാരം കൂടിയവർ എന്നിവരെ പതിനെട്ടാം പടി കയറാൻ സഹായിക്കുമ്പോൾ ഈ സമയക്രമം തെറ്റും.
പുൽമേട് വഴി ദിനവും ശരാശരി 2500 പേർ എത്തുന്നുണ്ട്. പതിനെട്ടാം പടി കയറി എത്തുന്നവരുടെ ഔദ്യോഗിക കണക്കിനപ്പുറത്ത് സിവിൽ ദർശനത്തിന് നിരവധി പേർ വരുന്നു. സന്നിധാനത്തെ ആയിരക്കണക്കിന് വരുന്ന ജീവനക്കാരും കടകളിലെ തൊഴിലാളികളും ദർശനം നടത്തുന്നു. രാത്രി ദർശനത്തിന് എത്തുന്ന തീർഥാടകർ പിറ്റേന്ന് രാവിലെ നെയ്യഭിഷേകം നടത്തുമ്പോൾ വീണ്ടുമൊരിക്കൽ കൂടി ദർശനത്തിന് വരുന്നതായും ആർ ശ്രീകുമാർ അറിയിച്ചു. കായംകുളം സ്വദേശിയായ ആർ ശ്രീകുമാർ കോട്ടയം ക്രൈം ബ്രാഞ്ച് എസ്പിയാണ്.








0 comments