പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി; നാല് പേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്. വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽവച്ചായിരുന്നു അപകടം.
മദ്യപിച്ച ഒരാളെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. പിങ്ക് പൊലീസ് വാഹനത്തിൽ കൊണ്ടുവന്നയാളെ പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പിക്കപ്പ് വാൻ പൊലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ ലീലയ്ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ സ്റ്റേഷന് മുന്നിലുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്.
പിക്കപ്പ് വാൻ ഓടിച്ചിരുന്ന നിതിൻ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.








0 comments