സൗദി അരാംകോ ആസ്ഥാനത്തിന് നേരെ ഹൂതികളുടെ ആക്രമണം; കെട്ടിടത്തിന് തീപിടിച്ചു

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ആസ്ഥാന സമുച്ചയത്തിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. ദഹ്റാനിലെ അരാംകോ ഭരണകാര്യാലയം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് മിസൈൽ പതിച്ചത്. ആക്രമണത്തെ തുടർന്ന് കെട്ടിടത്തിൽ ചെറിയ തോതിൽ തീപിടിത്തമുണ്ടായതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആളപായമില്ല.
ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. ബാലിസ്റ്റിക് മിസൈൽ പതിച്ചതിനെ തുടർന്ന് ഓഫീസ് ടവറിന്റെ മുകളിലെ മൂന്ന് നിലകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. സൗദി അരാംകോയുടെ എണ്ണ ഉൽപ്പാദന, വിതരണ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന പ്രവർത്തനകേന്ദ്രം ഉൾപ്പെടുന്ന സമുച്ചയത്തിലാണ് ആക്രമണമുണ്ടായത്.
കരയിലും കടലിലുമുള്ള എണ്ണക്കിണറുകൾ, പൈപ്പ്ലൈനുകൾ, എണ്ണശുദ്ധീകരണശാലകൾ, കയറ്റുമതി ടെർമിനലുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന കേന്ദ്രമാണ് ഈ സമുച്ചയത്തിലുള്ളത്. ആക്രമണത്തിന് പിന്നാലെ അധികൃതർ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
അതേസമയം, ദഹ്റാന് മുകളിൽ ഒരു മിസൈൽ തകർത്തെന്നും അതിന്റെ അവശിഷ്ടങ്ങൾ ജനവാസമേഖലയിൽ പതിച്ചെന്നും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. തലസ്ഥാനമായ റിയാദിലേക്കും രാജ്യത്തിന്റെ തെക്കൻ മേഖലകളിലേക്കും ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായും അധികൃതർ വ്യക്തമാക്കി.
റിയാദിൽ പ്രതിരോധ സംവിധാനം തകർത്ത രണ്ട് ഹൂതി മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് നാലുപേർക്ക് പരിക്കേറ്റു. രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും ഒരു കുട്ടിക്കുമാണ് പരിക്കേറ്റത്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് 15 വീടുകൾക്ക് ചെറിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇതിനകം നാല് ആക്രമണങ്ങളുണ്ടായതായാണ് റിപ്പോർട്ട്. ശനിയാഴ്ചയുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.









0 comments