Deshabhimani

ദുബായിൽ ഈയാഴ്‌ച മഴയ്ക്ക്‌ സാധ്യത

dubai heavy rain disaster
വെബ് ഡെസ്ക്

Published on Oct 14, 2026, 09:12 AM | 1 min read

ദുബായ്: യുഎഇയിൽ ഈയാഴ്‌ച മഴ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളിൽ ശക്തമായ മഴയ-്‌ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കാറ്റിൽ പൊടിയും മണലും ഉയരുന്നതിനാൽ കാഴ്‌ചപരിധി കുറയാനും സാധ്യതയുണ്ട്. തിങ്കൾ മുതൽ ആഴ്‌ചാവസാനം വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. കിഴക്കൻ, വടക്കൻ മേഖലകളിൽ രൂപപ്പെടുന്ന മഴമേഘങ്ങൾ ഉൾപ്രദേശങ്ങളിലേക്ക് വ്യാപിക്കും. അൽ ഐൻ, ദുബായ്, അബുദാബി മേഖലകളിലും പിന്നീട് അൽ ദഫ്റയിലും മഴയെത്താൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കാലാവസ്ഥാ വിദഗ്ധൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.


ദുബായിലെ മിർദിഫ് ഉൾപ്പെടെയുള്ള ഉൾപ്രദേശങ്ങൾ, ദുബായ്–അൽ ഐൻ, അബുദാബി–അൽ ഐൻ പാതകളുടെ സമീപപ്രദേശങ്ങൾ, സ്വൈഹാൻ, അൽ ദഫ്റയിലെ മദീനത്ത് സായിദ്, സായിദ് സിറ്റി എന്നിവിടങ്ങളിലും മഴയ-്‌ക്ക്‌ സാധ്യതയുണ്ട്. അറബിക്കടലിൽനിന്നുള്ള ന്യൂനമർദത്തിന്റെ സ്വാധീനവും തെക്കുപടിഞ്ഞാറൻ മേഖലയിൽനിന്നുള്ള ന്യൂനമർദത്തിന്റെ വ്യാപനവും അന്തരീക്ഷത്തിൽ ഈർപ്പം വർധിപ്പിക്കുന്നുണ്ട്. ഇതാണ് മഴമേഘങ്ങൾ രൂപപ്പെടാൻ അനുകൂല സാഹചര്യമൊരുക്കുന്നത്. മഴ നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും ചിലയിടങ്ങളിൽ ശക്തമാകാം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മലമ്പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം. കാഴ്‌ചപരിധി കുറയുന്ന സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും അറിയിച്ചു.


താപനില ക്രമേണ കുറയും


മഴയെത്തുന്നതോടെ താപനിലയിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ശരത്കാലം പുരോഗമിക്കുന്നതോടെ യുഎഇയിൽ താപനില ക്രമേണ കുറഞ്ഞുവരികയാണ്. സെപ്റ്റംബർ അവസാനത്തോടെയും ഒക്ടോബർ ആദ്യവാരത്തിലും താപനില നാലു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു. ഉൾപ്രദേശങ്ങളിലെയും മലമ്പ്രദേശങ്ങളിലെയും ചില കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസോ അതിൽ താഴെയോ രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രിയിലും പുലർച്ചെയും താപനില കുറയുന്ന പ്രവണത തുടരുമെന്നാണ് പ്രവചനം.

തീരപ്രദേശങ്ങളിൽ രാത്രിയിൽ ഈർപ്പം വർധിക്കുന്നതിനൊപ്പം ചിലയിടങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കാലാവസ്ഥാ റഡാർ, ഉപഗ്രഹ ചിത്രങ്ങൾ, നിരീക്ഷണ കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ എന്നിവ ഉപയോഗിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home