കെഎപി ക്യാമ്പിൽ മദ്യവിരുന്ന്; 8 പൊലീസുകാർക്ക് നോട്ടീസ്

കേരള പൊലീസ്- ഫയൽ ചിത്രം
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ ക്വാർട്ടേഴ്സിൽ പൊലീസുകാരന്റെ മകന്റെ പിറന്നാൾ ആഘോഷം മദ്യലഹരിയിൽ കൈയാങ്കളിയിലെത്തി, കോൺഗ്രസ് അനുകൂലികളായ എട്ടു പൊലീസുകാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി. എസ്ഐ, എഎസ്ഐ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ്.
ഹവിൽദാർ പി പി അനുഗ്രഹിന്റെ മകന്റെ പിറന്നാൾ ആഘോഷത്തിനാണ് മാങ്ങാട്ടുപറന്പ് പൊലീസ് ക്യാന്പിൽ അഞ്ചിന് രാത്രി മദ്യവിരുന്ന് സംഘടിപ്പിച്ചത്. ക്യാന്പിനുള്ളിലെ ക്വാർട്ടേഴ്സിൽ വലിയതോതിൽ മദ്യമെത്തിച്ചായിരുന്നു സൽക്കാരം. ആഘോഷം അതിരുവിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സൽക്കാരത്തിനെത്തിയവരും മദ്യപിച്ചവരും തമ്മിലുള്ള വാക്കേറ്റം കൈയേറ്റത്തിലും കൈയാങ്കളിയിലും കലാശിച്ചു. അക്രമം കണ്ട് സമീപ ക്വാർട്ടേഴ്സുകളിലെ താമസക്കാർ മേലുദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസർ ഉയർന്ന ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചു. പിന്നാലെയാണ് നോട്ടീസ് നൽകിയത്.
എന്നാൽ കോൺഗ്രസ് അനുകൂലികളായ കുറ്റാരോപിതർ രാഷ്ട്രീയ സ്വാധീനം ചെലുത്തി നടപടി നോട്ടീസിലൊതുക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ കനത്ത പ്രതിഷേധമുണ്ട്. സേനയുടെ അച്ചടക്കം ലംഘിക്കുകയും മദ്യപിച്ച് ലക്കുകെട്ട് ക്യാന്പിൽ വളരെമോശമായ രീതിയിൽ പെരുമാറുകയുംചെയ്തവർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. വനിതാ എസ്ഐയുടെ ഭർത്താവും സംഭവത്തിലുൾപ്പെട്ടിട്ടുണ്ട്. എസ്ഐ ഇ പി അഞ്ജനയുടെ ഭർത്താവ് എം എസ് ശരത്ത്, നാലാം ബറ്റാലിയനിലെ എഎസ്ഐ കെ രതീഷ്, ഹവിൽദാർമാരായ എം രതീഷ്, എൻ എസ് സുബീഷ്, കെ ബിജിൽ, എ വി ശേഖരൻ, അഗസ്റ്റിൻ പി ആന്റണി എന്നിവരാണ് കൈയാങ്കളിയിൽ ഉൾപ്പെട്ടത്.









0 comments