ശാരീരിക ആക്രമണം കോൺഗ്രസിന്റെ പതിവ് ശൈലി; മുമ്പ് ലക്ഷ്യം വച്ചത് മുഖ്യമന്ത്രിയെ

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നു(ഫയല്‍ ചിത്രം), കെഎസ്‍യു ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യമന്ത്രി വീണാ ജോർജിനു നേരെയുണ്ടായ ആക്രമണത്തോടെ ആശയപരമായി ഒന്നും ഉയർത്തിക്കാട്ടാനില്ലാത്ത അവസരത്തിൽ കായികമായി ആക്രമിക്കുന്നത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെ മറ്റു സംഘടനകളുടെയും സ്ഥിരം ശൈലിയാണെന്ന് വ്യക്തമായിരിക്കുകയാണ്. 2022ൽ സമാനമായ രീതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമിച്ചത്. 2022 ജൂൺ 13നായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് വൈകിട്ട് തിരുവനന്തപുരത്തേക്ക് തിരിച്ച മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ കയറി ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാരകന്റെ അനുചര സംഘത്തിലെ പ്രധാനികളായ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി നവീൻ കുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചത്.
വിമാനം ലാൻഡ് ചെയ്തതിനു ശേഷം ഇറങ്ങാനായി മുഖ്യമന്ത്രി തയാറെടുക്കുന്ന സമയത്താണ് മുദ്രാവാക്യം മുഴക്കി ഇവർ മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തത്. വിമാനത്തിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ഭയന്നു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും മറ്റ് യാത്രക്കാരും സമയോചിതമായി ഇടപെട്ടതോടെയാണ് മുഖ്യമന്ത്രി ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏറ്റവും ഉയർന്ന നിരക്ക് നൽകിയാണ് ഇവർ ടിക്കറ്റെടുത്തത്. ഇതിന് പണം നൽകിയത് കോൺഗ്രസ് നേതൃത്വമായിരുന്നു. ആർസിസിയിൽ ചികിത്സയിലുള്ള രോഗിയെ കാണാൻ പോകുന്നെന്നാണ് കണ്ണൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. കോൺഗ്രസിന്റെ പൂർണ പിന്തുണയോടെയാണ് അക്രമം നടത്തിയതെന്ന് വ്യക്തമായിട്ടും ന്യായീകരിക്കുകയായിരുന്നു നേതൃത്വം ഒന്നാകെ. അന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആക്രമണത്തെ പരസ്യമായി തന്നെ ന്യായീകരിച്ചു.
സമാനമായ രീതിയിലാണ് ആരോഗ്യമന്ത്രി വീണാ ജോർജിനെയും കെഎസ്‍യു സംഘം ആക്രമിച്ചത്. റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രിയെ പ്ലാറ്റ് ഫോമിൽ വച്ചാണ് കയ്യേറ്റം ചെയ്തത്. ആക്രമണത്തിൽ കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി ചികിത്സയിലാണ്.
പ്രതിഷേധമാണ് നടത്തിയതെന്ന പേരിലാണ് കോൺഗ്രസ് തങ്ങളുടെ യുവജന- വിദ്യാർഥി സംഘടനകൾ നടത്തുന്ന ആക്രമണങ്ങളെ സാധൂകരിക്കുന്നത്. മന്ത്രിമാർ പങ്കെടുക്കുന്ന വേദികളിലോ പൊതുപരിപാടികളിലോ പ്രതിഷേധിക്കാതെ മന്ത്രിമാർ യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെത്തി ആക്രമിക്കാൻ ശ്രമിക്കുന്ന പ്രത്യേക തരം പ്രതിഷേധമാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസും കെഎസ്‍യുവും തുടരുന്നത്. കോൺഗ്രസ് അതിക്രമങ്ങളെ പ്രതിഷേധമായി മാത്രം ഒതുക്കി ഒരു വിഭാഗം മാധ്യമങ്ങളും ഇതിന് കുടപിടിക്കുകയാണ്.










0 comments