പെട്രോൾ അടിച്ച തുകയെ ചൊല്ലി തർക്കം; പമ്പ് ജീവനക്കാരെ മർദിച്ച് മദ്യപസംഘം

സിസിടിവി ദൃശ്യം (Photo: Screengrab)
തിരുവനന്തപുരം: പെട്രോൾ അടിച്ച തുകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പമ്പ് ജീവനക്കാരെ മർദിച്ച് മദ്യപസംഘം. കുളത്തൂർ ഇൻഫോസിസ് കാമ്പസിന് സമീപമുള്ള പെട്രോൾ പമ്പിലെ ജീവനക്കാർക്ക് നേരെയാണ് കഴിഞ്‍ഞ ദിവസം രാത്രി എട്ടരയോടെ ആക്രമണമുണ്ടായത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് അക്രമത്തിന് പിന്നിൽ. ആക്രമണത്തിൽ പമ്പ് ജീവനക്കാരായ ഉണ്ണി, രാജീവൻ എന്നിവർക്ക് മർദനമേറ്റു. സംഭവത്തിൽ പമ്പ് ഉടമ തുമ്പ പൊലീസിൽ പരാതി നൽകി. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും കൈമാറി.
കാറിലെത്തിയവർ ആദ്യം 210 രൂപയ്ക്കും പിന്നീട് 110 രൂപയ്ക്കും പെട്രോൾ അടിച്ചു. പണം അടയ്‌ക്കേണ്ട സമയമായപ്പോൾ പെട്രോൾ അടിച്ച തുകയെ സംബന്ധിച്ച് കാറിലുണ്ടായിരുന്നവർ തമ്മിൽ തർക്കമായി. തുടർന്ന് പെട്രോൾ അടിച്ച ഉണ്ണിയോട് എത്ര രൂപയ്ക്കാണ് പെട്രോൾ അടിച്ചതെന്നു ചോദിച്ചു. മറുപടിയിൽ തൃപ്തരാകാത്ത സംഘം പമ്പ് ജീവനക്കാരനെ തെറി വിളിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്തപ്പോൾ ഒരാൾ കാറിൽ നിന്നിറങ്ങി ഉണ്ണിയെ മർദിച്ചു. മർദനത്തിനിടെ അക്രമിയുടെ മുഖത്തേക്ക് പെട്രോൾ വീണു. ഇതോടെ രണ്ടാമനും കാറിൽ നിന്നിറങ്ങി ഇയാളെ മർദിക്കുകയായിരുന്നു. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനായ രാജീവൻ അക്രമികളെ ചോദ്യം ചെയ്തു. തുടർന്ന് രാജീവനെയും സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.










0 comments