ad
Deshabhimani

print edition എട്ടാംക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ; അധ്യാപകരുടെ പീഡനംമൂലമെന്ന് 
രക്ഷിതാക്കളുടെ പരാതി

1280
വെബ് ഡെസ്ക്

Published on May 08, 2026, 12:08 AM | 1 min read

പെരിന്തൽമണ്ണ: പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥി തേജസി (14)ന്റെ ആത്മഹത്യ അധ്യാപകരുടെ പീഡനംമൂലമാണെന്ന് പരാതി. തേജസിന്റെ അച്ഛൻ ചിരട്ടമണ്ണ പൂങ്ങോട്ടിൽ ഹരീഷാണ് സ്കൂളിലെ അധ്യാപകർക്കെതിരെ വ്യാഴാഴ്ച ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.


ഈ മാസം രണ്ടിനാണ് തേജസിനെ വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന്‌ പെരിന്തൽമണ്ണ പൊലീസ്‌ കേസെടുത്തെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു.


"പ്രധാനാധ്യാപിക ഉൾപ്പെടെയുള്ള അധ്യാപകർ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി മകൻ തന്നോടും ഭാര്യയോടും പറഞ്ഞിരുന്നു. ഒരു പിരീഡ് മുഴുവൻ ക്ലാസിൽ മുട്ടുകുത്തി നിർത്തിയ സംഭവമുണ്ടായി. ചെവിപിടിച്ച് തിരിച്ച് മുറിവുണ്ടാക്കി. ‌പ്രശ്‌നങ്ങളെ തുടർന്ന് സ്‌കൂളിൽ പോയി പ്രിൻസിപ്പലോടും ക്ലാസ് ടീച്ചറോടും സംസാരിച്ചു.


മകനെ വേറെ സ്കൂളിലേക്ക് മാറ്റുമെന്നും അറിയിച്ചു. പിറ്റേന്ന് ക്ലാസിലെത്തിയ തേജസിനെ അധ്യാപിക അവഹേളിച്ചു. മോറൽ സയൻസ്‌ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ, ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേരാൻ ഈ പരീക്ഷാഫലം ആവശ്യമില്ലെന്ന് അന്വേഷണത്തിൽ മനസ്സിലായി. പരീക്ഷാഫലം വന്നശേഷം മെയ് രണ്ടിന് ടിസി വാങ്ങാനും തീരുമാനിച്ചു.


എന്നാൽ, ടിസിയിൽ ചുവന്ന മഷികൊണ്ട് എഴുതുമെന്ന്‌ പറഞ്ഞ് അധ്യാപിക മകനെ വീണ്ടും ഭീഷണിപ്പെടുത്തി. പ്രധാനാധ്യാപികയുടെയും ക്ലാസ് ടീച്ചറുടെയും ഇത്തരം ഭീഷണിയാണ് തേജസിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. പരീക്ഷാഫലം വരുന്നതിന്റെ തലേന്ന് രാത്രി മുറിയിൽ കിടക്കാൻ പോയ മകനെ പിറ്റേന്ന് രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്' – ഹരീഷ് പരാതിയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home