ലൈഫ് ഭവനം കോൺഗ്രസ് നിർമിച്ചതെന്ന് വ്യാജ പ്രചാരണം; നാണംകെട്ട് കോൺഗ്രസും ഷാഫി പറമ്പിലും

പേരാമ്പ്ര: ലൈഫ് പദ്ധതിയിൽ പേരാമ്പ്ര പഞ്ചായത്ത് അനുവദിച്ച വീട് കോൺഗ്രസ് നിർമിച്ച് നൽകിയതാണെന്ന് വ്യാജ പ്രചാരണം നടത്തി ഉദ്ഘാടന മാമാങ്കം നടത്തിയത് വിവാദമാകുന്നു. കോൺഗ്രസ് കുടുംബസംഗമത്തിൽ ലൈഫ് വീടിന്റെ താക്കോൽ ദാനം നടത്തിയ ഷാഫി പറമ്പിൽ എംപിയും പരിഹാസ്യനായി.
എസ്‌സി വിഭാഗത്തിൽപ്പെട്ട വെങ്ങപ്പറ്റ കോമച്ചം കണ്ടി പ്രീതിയും ഭർത്താവ് അശോകനും ലൈഫ് പദ്ധതിയിൽ വീടിനായി 2021 ഫെബ്രുവരി ഒമ്പതിനാണ് എഗ്രിമെന്റുവച്ചത്. രണ്ട് ഗഡുക്കളായി ഒരുലക്ഷം രൂപ കൈപ്പറ്റിയശേഷം രോഗിയായ അശോകൻ മരിച്ചു. പിന്നീട് 2021 ഒക്ടോബർ 26നാണ് ഭാര്യ പ്രീത വീടുനിർമാണം ആരംഭിച്ചത്. 2022 ഡിസംബർ 17ന് വീട് നിർമാണം പൂർത്തിയായി. ലൈഫ് പദ്ധതിയിൽ നാലുലക്ഷം രൂപയും തൊഴിലുറപ്പ് വേതനമായി 26,017 രൂപയുമാണ് പഞ്ചായത്ത് വീടിനായി ചെലവഴിച്ചത്. ഇതാണ് കോൺഗ്രസ് നിർമിച്ച വീടാണെന്ന് പ്രചരിപ്പിച്ച് താക്കോൽ ദാനം നടത്തി ജനങ്ങളെ കബളിപ്പിച്ചത്.
താക്കോൽ ദാനത്തിന്റെ പോസ്റ്ററുകളും ബോർഡുകളും ഇവർ പ്രചരിപ്പിച്ചിരുന്നു. ലൈഫ് പദ്ധതിയിൽ നിർമിച്ച വീട് കോൺഗ്രസ് നിർമിച്ചതാണെന്ന് പ്രചരിപ്പിച്ച് താക്കോൽ ദാനം നടത്തിയ കോൺഗ്രസിന്റെയും ഷാഫി പറമ്പിൽ എംപിയുടെയും രാഷ്ട്രീയ നെറികേടിനെതിരെ സിപിഐ എം നേതൃത്വത്തിൽ കോടേരിച്ചാലിൽ പ്രകടനവും യോഗവും നടത്തി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ പ്രിയേഷ് ഉദ്ഘാടനംചെയ്തു. സർക്കാർ പദ്ധതിയെ ഹൈജാക്ക് ചെയ്യുന്ന എട്ടുകാലി മമ്മൂഞ്ഞാണ് ഷാഫി പറമ്പിലെന്നും ഇത്തരം നെറികെട്ട രാഷ്ട്രീയ നീക്കത്തിനെതിരെ കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ടി കെ രാജു, കെ എൻ നിജിൻ, സാവിത്രി എന്നിവർ സംസാരിച്ചു.









0 comments