print edition പാചകവാതക വിലവർധന ജനത്തിന് താങ്ങാനാകില്ല, കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും: സിപിഐ എം

തിരുവനന്തപുരം: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില ചരിത്രത്തിലില്ലാത്തവിധം വര്‍ധിപ്പിച്ച കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭമുയർത്താൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ബഹുജനങ്ങളോടും പാര്‍ടി ഘടകങ്ങളോടും ആഹ്വാനംചെയ്‌തു. രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് കോര്‍പറേറ്റ് താൽപ്പര്യം മുന്‍നിര്‍ത്തി വാണിജ്യ സിലിണ്ടർവില കുത്തനെ കൂട്ടുന്നത്. പെട്രോളിനും ഡീസലിനും ഗാര്‍ഹിക സിലണ്ടറിനും ഉടൻ വിലകൂട്ടും എന്നാണ് റിപ്പോര്‍ട്ട്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ തനിനിറം പുറത്തുകാണിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില ആയിരം രൂപയോളമാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിക്കും. പാചകവാതക ക്ഷാമമുണ്ടാക്കിയ പ്രയാസംകുറഞ്ഞിട്ടില്ല. ഭക്ഷ്യസാധനങ്ങള്‍ക്ക് വില കൂടി. ഇനിയും വര്‍ധിപ്പിക്കുന്നത് ജനങ്ങള്‍ക്ക് താങ്ങാനാകില്ല. ചെറുകിട ഹോട്ടലുകള്‍ പലതുംപൂട്ടി. തൊഴിലാളികൾ ദുരിതത്തിലാണ്. എന്നാൽ, കോര്‍പറേറ്റുകള്‍ക്കുവേണ്ടി പണിയെടുക്കുന്ന ബിജെപിക്ക് ജനങ്ങളുടെ പ്രയാസം തിരിച്ചറിയാനാകുന്നില്ല.
വിലക്കയറ്റം രൂക്ഷമാക്കുന്ന ജനവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രതിരോധം ഉയരണം. ആറിന് ഹോട്ടലും റസ്റ്റോറന്റുകളും അടച്ചിട്ട് പ്രതിഷേധിക്കാന്‍ ആ മേഖലയിലെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് പ്രതിഷേധിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ അഭ്യര്‍ഥിച്ചു.
വില വർധന അടിയന്തരമായി പിൻവലിക്കണം : ജി ആർ അനിൽ
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലവർധന സമസ്‌തമേഖലയെയും ഗുരുതരമായി ബാധിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. വില വർധന അടിയന്തരമായി പിൻവലിക്കണം. സർക്കാർ സബ്‌സിഡി നൽകി ബാധ്യത ഏറ്റെടുക്കണം. കോർപറ്റേറുകളുടെ തീരുമാനങ്ങൾക്ക് വഴങ്ങുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. സിലിണ്ടറുകളുടെ കുറവുണ്ടായ സാഹചര്യത്തിലുണ്ടാക്കിയ ക്രമീകരണം കേരളത്തിന് പ്രയാസമുണ്ടാക്കിയിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധന സ്വാഭാവികമായി രണ്ടുദിവസത്തിനുശേഷം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.









0 comments