print edition യുഡിഎഫ് ഓഫീസിൽ പെൻഷൻ വിതരണം: വെട്ടിലായി സർക്കാർ, ആവർത്തിക്കില്ലെന്ന് മറുപടി


സ്വന്തം ലേഖകൻ
Published on Jun 05, 2026, 12:00 AM | 1 min read
തിരുവനന്തപുരം: മലപ്പുറത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഗുണഭോക്താക്കളെ വിളിച്ചുവരുത്തി ക്ഷേമപെൻഷൻ വിതരണംചെയ്‌ത സംഭവത്തിൽ നിയമസഭയിൽ വാക്കുമുട്ടി ഭരണപക്ഷം. എൽഡിഎഫ-ിലെ കെ പ്രേംകുമാറാണ് വിഷയം ശ്രദ്ധക്ഷണിക്കലായി ഉന്നയിച്ചത്.
സർക്കാർ നടപടി മറികടന്ന് പാർടി ഓഫീസിൽ നടത്തിയ പെൻഷൻ വിതരണം അധികാര ദുർവിനിയോഗമാണെന്നും അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിവയ്‌ക്കുമെന്നും പ്രേംകുമാർ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിൽവന്ന് പെൻഷൻ വിതരണംചെയ്‌ത സഹകരണബാങ്ക് ജീവനക്കാരനെ ചുമതലയിൽനിന്ന് നീക്കിയതായും മന്ത്രി കെ എം ഷാജി മറുപടിയിൽ പറഞ്ഞു.
മലപ്പുറം പുൽപ്പറ്റ പഞ്ചായത്തിൽ ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് ലീഗ് ഭരണസസമിതിയുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കിലെ ജീവനക്കാർ പെൻഷൻ വിതരണം ചെയ്‌തതെന്ന് പ്രേംകുമാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് വാട്‌സാപ്പ് മെസേജ് വഴിയാണ് ഗുണഭോക്താക്കളെ വിളിച്ചുവരുത്തിയത്. അസുഖബാധിതരെയും വാർധക്യത്താൽ അവശരായവരെയുംവരെ വിളിച്ചുവരുത്തി ക്യൂനിർത്തി. രാത്രി എട്ടരവരെയാണ് പെൻഷൻ വിതരണം ചെയ്തത്. വീടുകളിലെത്തി പെൻഷൻ നൽകണമെന്നാണ് 2016ൽ എൽഡിഎഫ് സർക്കാർ ഉത്തരവിറക്കിയത്. ഇതുവരെ അങ്ങനെയാണ് നടന്നത്. ആ ഉത്തരവിന്റെ ലംഘനമാണ് നടന്നത്. ക്ഷേമപെൻഷൻ ഒൗദാര്യമല്ല, അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധക്ഷണിക്കലിൽ ഉന്നയിച്ച അഴിമതി ആരോപണം രേഖയിൽ കാണില്ലെന്ന് സ്‌പീക്കർ അറിയിച്ചു. സ്‌പീക്കറുടെ നടപടി നിർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. സാധാരണ നടപടിക്രമങ്ങളിൽനിന്ന് വ്യത്യസ്‌തമായി പെൻഷൻ വിതരണംചെയ്തുവെന്ന കാര്യമാണ് ശ്രദ്ധക്ഷണിക്കലിൽ ചൂണ്ടിക്കാണിച്ചത്. സർക്കാരിന്റെ ക്രമവിരുദ്ധ നടപടി സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയാല്ലേ, ഭാവിയിൽ ക്രമവിരുദ്ധ നടപടികൾ ഒഴിവാക്കാനാകൂ. പ്രതിപക്ഷത്തിന്റെ അവകാശത്തിന് സ്‌പീക്കർ സംരക്ഷണം നൽകണമെന്നും പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിനുമുന്നിൽവച്ചാണ് പെൻഷൻ വിതരണം ചെയ്‌തതെന്നും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുറിക്കകത്തേക്ക് മാറ്റി എന്നുമാണ് അറിയാൻ കഴിഞ്ഞതെന്നായിരുന്നു മന്ത്രി കെ എം ഷാജിയുടെ മറുപടി. ഇപ്രകാരം പെൻഷൻ വിതരണം നടത്തിയത് ശരിയായില്ല. ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.










0 comments