പേമെന്റ് സീറ്റ്: കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ അടക്കം 50പേർ രാജിവച്ചു


സ്വന്തം ലേഖകൻ
Published on Nov 10, 2025, 08:09 AM | 1 min read
കരുനാഗപ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ തഴവ പഞ്ചായത്തിൽ യുഡിഎഫിൽ പ്രതിസന്ധിയും ആശയക്കുഴപ്പവും കനത്തു. സ്ഥാനാർഥി നിർണയത്തിൽ നേതൃത്വത്തിന്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് കല്ലേലിഭാഗത്ത് കോൺഗ്രസ് ഭാരവാഹികൾ രാജിവച്ചു. യുഡിഎഫ് വർഷങ്ങളായി കോൺഗ്രസിനു നൽകിയിരുന്ന കല്ലേലിഭാഗം 18–ാം സീറ്റ്, മുസ്ലിംലീഗിന് പണം വാങ്ങി നൽകിയതെന്ന് ആരോപിച്ചാണ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ രാജിവച്ചത്.
കല്ലേലിഭാഗം കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷാജി കൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ കാട്ടൂർ തെക്കതിൽ, മഹിളാ കോൺഗ്രസ് കല്ലേലിഭാഗം മണ്ഡലം പ്രസിഡന്റ് റജീന റിയാസ്, വാർഡ് കോൺഗ്രസ് പ്രസിഡന്റ് സമീർ അക്ബർ, വാർഡ് വൈസ് പ്രസിഡന്റ് നിയാസ് മുത്തലിബ്, മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ ഷാലിൻ, മുതിർന്ന കോൺഗ്രസ് നേതാവായ കുഞ്ഞുമോൻ തുടങ്ങിയ 50പേരാണ് രാജിവച്ചത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി റജീന റിയാസിനെതിരെ മുസ്ലിംലീഗ് മത്സരിക്കുകയും കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്താണ് യുഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിച്ചതെന്ന് ഒരുവിഭാഗം കോൺഗ്രസുകാർ പറയുന്നു. 25വോട്ട് മാത്രം വാങ്ങിയ മുസ്ലിംലീഗിന് സീറ്റ് നൽകിയത് പതിനെട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയോ പ്രവർത്തകരോ അറിയാതെയാണെന്നും ഇവർ പറഞ്ഞു. ഇതിനിടെ തൊടിയൂർ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പുതുക്കാട്ട് ശ്രീകുമാർ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പതിനഞ്ചാം വാർഡിൽ സ്വതന്ത്രസ്ഥാനാർഥിയായി പ്രചാരണം ആരംഭിച്ചു.
തഴവയിലും തമ്മിലടി
ജില്ലയിൽ ആദ്യമായി എന്ന പേരിൽ യുഡിഎഫ് സ്ഥാനാർഥികളെ സി ആർ മഹേഷ് എംഎൽഎ പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി ലീഗ് രംഗത്ത്. യുഡിഎഫ് മണ്ഡലം കമ്മിറ്റി വിളിച്ചു ചേർക്കാതെ ഏകപക്ഷീയ സ്ഥാനാർഥി പ്രഖ്യാപനമാണ് നടന്നതെന്നും വർഷങ്ങളായി പഞ്ചായത്തിൽ ഘടകകക്ഷിയായി പ്രവർത്തിക്കുന്ന മുസ്ലിംലീഗിന് ത്രിതല തെരഞ്ഞെടുപ്പിൽ അർഹിക്കുന്ന സീറ്റ് ലഭിച്ചില്ലെന്നും വിമർശനമുയർന്നു. തഴവയിൽ യുഡിഎഫ് കൺവീനർ പദവിയിലുള്ള ലീഗ് അറിയാതെയും യുഡിഎഫ് കമ്മിറ്റിപോലും അറിയാതെയും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ എംഎൽഎയുടെ നടപടിക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്.










0 comments