print edition ഡ്രൈവിങ് ലൈസൻസ് തട്ടിപ്പ്; ആർടിഒ ഏജന്റിന് 28 വർഷം തടവ്

എ മുഹമ്മദ് ഷഫീക്ക്
കൊല്ലം : പത്തനംതിട്ട ആർടി ഓഫീസിൽ വ്യാജ രേഖകളുണ്ടാക്കി ഡ്രൈവിങ് ലൈസൻസ് നൽകിയ കേസിൽ രണ്ടാംപ്രതിയായ ഏജന്റിനെ 28 വർഷം തടവിന് കോടതി ശിക്ഷിച്ചു. 2,50,000 രൂപ പിഴയും ഒടുക്കണം. പന്തളം കടക്കാട് പണ്ടാരത്തിൽ കിഴക്കതിൽ എ മുഹമ്മദ് ഷഫീക്കിനെയാണ് (47) കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി എസ് മോഹിത് ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലുള്ള ശിക്ഷകൾ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി ആറുവർഷം തടവ് അനുഭവിച്ചാൽ മതി. 2008 ആഗസ്ത് 11 മുതൽ 2009 ജനുവരി രണ്ടുവരെയാണ് തട്ടിപ്പു നടന്നത്. പത്തനംതിട്ട ആർടിഒ ആയിരുന്ന ഒന്നാംപ്രതി ജോജോ ജയിംസിന് ലൈസൻസിന്റെ വിലാസം മാറ്റുന്നതിനായി അപേക്ഷ സമർപ്പിച്ചവർക്കാണ് ലൈസൻസ് നൽകിയത്.
അപേക്ഷയോടൊപ്പം വിവിധ ആർടി ഓഫീസുകളിൽനിന്ന് നൽകിയതാണെന്ന് കാട്ടി വ്യാജ ഡ്രൈവിങ് ലൈസൻസുകളാണ് നൽകിയത്. ഈ ലൈസൻസുകളുടെ ബന്ധപ്പെട്ട പേജുകളിൽ ടാക്സി വാഹനങ്ങൾ, വലിയ ട്രക്കുകൾ, ടാങ്കറുകൾ തുടങ്ങിയ ഭാരമേറിയ ചരക്കുവാഹനങ്ങൾ, കെഎസ്ആർടിസി ബസുകൾപോലെയുള്ള പൊതുയാത്രാ വാഹനങ്ങൾ തുടങ്ങിയവ ഓടിക്കാൻ ആവശ്യമായ എൽഎംവി, എച്ച്‌ജിവി, എച്ച്‌പിവി ബാഡ്ജുകൾ ആർടി ഓഫീസിലെ യഥാർഥ എൻട്രികളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാജമായി രേഖപ്പെടുത്തിയിരുന്നു.
തുടർന്ന് ഒന്നാം പ്രതി ഈ വ്യാജ ലൈസൻസുകൾ നിയമവിരുദ്ധമായി പുതുക്കി നൽകി. ജോജോ ജെയിംസും കേസിലെ മൂന്നാം പ്രതിയായ ഏജന്റ് സുരേന്ദ്രനും അന്വേഷണ കാലയളവിൽ മരിച്ചു.









0 comments