പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: 10 പേർ കൂടി കസ്റ്റഡിയിൽ
പത്തനംതിട്ട : നിരവധിപേർ ലൈംഗികമായി ഉപദ്രവിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ 10 പേർ കൂടി കസ്റ്റഡിയിൽ. ഇലവുംതിട്ട പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ പിടിയിലാവുന്നവരുടെ എണ്ണം 15 ആയി. പെൺകുട്ടിയെ ഉപദ്രവിച്ച നാൽപ്പതോളം പേരെ തിരിച്ചറിഞ്ഞതായാണ് വിവരം.
പത്തനംതിട്ട സ്വദേശിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിലാണ് കഴിഞ്ഞ ദിവസം കേസെടുത്തത്. ഐടിഐ വിദ്യാർഥിനിയായിരിക്കെ കായികതാരങ്ങളും പരിശീലകരും സമീപവാസികളും അടങ്ങുന്ന നിരവധിപേർ പീഡനത്തിന് ഇരയാക്കിയെന്നാണ് വെളിപ്പെടുത്തൽ. സംഭവത്തിൽ ഇലവുംതിട്ട സ്വദേശികളായ അഞ്ച് പേരെയാണ് അറസ്‌റ്റ് ചെയ്ത് റിമാൻഡ് ചെയ്‌തത്. പതിനെട്ടുകാരി 13ാം വയസുമുതൽ പീഡനം നേരിട്ടതായാണ് മൊഴി നൽകിയിട്ടുള്ളത്.
മറ്റുള്ളവരുടെ പേരുവിവരങ്ങളും കൂട്ടിയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. എല്ലാവർക്കുമെതിരെ പോക്സോ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന വകുപ്പും ചുമത്തും. 2019മുതലാണ് പീഡനം തുടങ്ങിയത്. വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ സുഹൃത്ത് ആദ്യം പീഡിപ്പിയ്ക്കുന്നത്. പെൺകുട്ടിയുടെ വീടിന് സമീപത്തെ തോട്ടത്തിലും പിന്നീട് വാഹനത്തിലും കൊണ്ടുപോയി പീഡിപ്പിച്ചു. ഇതിനിടെ പെൺകുട്ടിയുടെ നഗ്ന ചിത്രവും വീഡിയോയും എടുത്ത പ്രതി സുഹൃത്തുക്കളെ കാണിച്ചു. പിന്നീട് സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പ്രാഥമിക വിവരം. ഇക്കൂട്ടത്തിൽ പോക്സോ കേസിൽ പിടിയിലായി ജയിൽവാസമനുഭവിയ്ക്കുന്ന പ്രതിയും ഉണ്ടെന്നന്നാണ് വിവരം. മഹിളാ സമഖ്യ പദ്ധതി പ്രവർത്തകരോടാണ് കുറച്ച് പ്രശ്‌നങ്ങൾ നേരിടുന്നത് കുട്ടി ആദ്യമറിയിച്ചത്. പ്രവർത്തകർ ശിശുക്ഷേമ സമിതിയെ അറിയിച്ചു. സമിതി ഏർപ്പെടുത്തിയ സൈക്കോളജിസ്റ്റിന് മുന്നിലാണ് പെൺകുട്ടി വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.
സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കായികതാരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും ഉൾപ്പെടുന്നുണ്ട്. മുപ്പതോളം പേരുടെ പേരു വിവരങ്ങൾ പെൺകുട്ടി എഴുതി സൂക്ഷിച്ചിരുന്നു.
0 comments