പാറ്റ സുവർണ പുരസ്കാരം കേരള ടൂറിസത്തിന്

തിരുവനന്തപുരം
ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം നടത്തിയ പരിശ്രമത്തിന് ആഗോള അംഗീകാരം. കേരള ടൂറിസത്തിന്റെ മീം അധിഷ്ഠിത കാമ്പയിനാണ് പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ)2025 ലെ സുവർണ പുരസ്കാരം ലഭിച്ചത്.
‘മോസ്റ്റ് എൻഗേജിങ് സോഷ്യൽ മീഡിയ കാമ്പയിൻ' വിഭാഗത്തിലാണ് പുരസ്കാരം. വ്യത്യസ്ത സങ്കേതങ്ങളെ കോർത്തിണക്കി ലോകത്തെ ആകർഷിക്കാൻ കേരള ടൂറിസം നടത്തിയ ഡിജിറ്റൽ പരിശ്രമത്തിനാണ് ഈ അംഗീകാരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇൻസ്റ്റഗ്രാം, ഫെയ്‌സ്‌സ്ബുക്ക്, എക്സ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ 1.2 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേരാനും 89,700 ലധികം ഇടപെടലുകൾ നേടാനുമായി. ഉപയോക്താക്കൾ തയ്യാറാക്കിയ ഉള്ളടക്കങ്ങൾ, ഇൻഫ്ളുവൻസർമാരുടെ സഹകരണം തുടങ്ങിയവയൊക്കെ പുരസ്കാരത്തിലേക്ക് നയിച്ച ഘടകങ്ങളാണ്. ഏഷ്യ-പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാനാണ് പുരസ്കാരം നൽകുന്നത്. ആഗസ്‌ത് 27 ന് ബാങ്കോക്കിൽ അവാർഡ് വിതരണം ചെയ്യും.









0 comments