print edition സിനിമ എഴുതാൻ പഠിപ്പിച്ച നഗരം

തിരുവനന്തപുരം: അഭിനയമോഹം മാത്രമുണ്ടായിരുന്ന ശ്രീനിവാസനെ മലയാള സിനിമയിലെ ഓർമിപ്പിക്കപ്പെടുന്ന തിരക്കഥാകൃത്താക്കി മാറ്റിയ നഗരമാണ് തിരുവനന്തപുരം.
1984ലാണ് സംഭവം. ‘പൂച്ചയ്ക്കൊരു മൂക്കുത്തി’ സംവിധാനം ചെയ്‌തശേഷം രണ്ടാമത്തെ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രിയദർശൻ. അഭിനയമോഹവുമായി തലസ്ഥാനത്തെത്തിയ ശ്രീനിയോട് തിരക്കഥയായില്ലെന്നായിരുന്നു സുഹൃത്തായ പ്രിയന്റെ മറുപടി. താനൊരു തിരക്കഥ എഴുതിയാൽ അതിൽ അഭിനയിപ്പിക്കാമെന്ന് അദ്ദേഹം നിബന്ധനയും വച്ചു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് ശ്രീനിയെഴുതിയ ആ തിരക്കഥയിലൊരുങ്ങിയ സിനിമയാണ് ‘ഓടരുതമ്മാവാ ആളറിയാം’. ശ്രീനിയിലെ പ്രതിഭയെ പ്രിയൻ നേരത്തേ തിരിച്ചറിഞ്ഞിരുന്നു എന്നതിന്റെ നേർസാക്ഷ്യമാണിത്. സിനിമ തിയറ്ററിൽ വൻവിജയമായി. നെടുമുടി വേണു, ശ്രീനിവാസൻ, മുകേഷ്, ജഗദീഷ്, ശങ്കർ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. പ്രിയൻ സംവിധാനം ചെയ്‌ത അരം+അരം=കിന്നരം (1985), വെള്ളാനകളുടെ നാട് (1988), ചിത്രം (1988), അക്കരെയക്കരെയക്കരെ (1990), മിഥുനം (1993), മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്നീ ചിത്രങ്ങളുടെ തിരക്കഥയും ശ്രീനിവാസന്റേതായിരുന്നു.
തിരുവനന്തപുരത്ത് എത്തിയാൽ ശ്രീനിവാസൻ താമസിക്കാറുള്ളത് തൈക്കാട്ടെ അമൃത ഹോട്ടലിലും സ്റ്റാച്യുവിലെ പങ്കജ് ഹോട്ടലിലുമായിരുന്നുവെന്ന് നിർമാതാവ് സുരേഷ്‌കുമാർ പറഞ്ഞു. മുഴുവൻ തിരക്കഥയുമായല്ല ശ്രീനി വരുന്നത്. ചിത്രീകരണത്തിനൊപ്പം എഴുത്തും തുടരുന്നതായിരുന്നു രീതി. 1978 മുതൽ ശ്രീനിയെ അറിയും. കൂലി സിനിമ നിർമിക്കുന്പോൾ ചിത്രത്തിൽ ചെറിയ വേഷമെങ്കിലും ശ്രീനിക്ക് കൊടുക്കണമെന്ന് മമ്മൂട്ടി പറഞ്ഞു. അന്ന് ചെറിയ ചെറിയ വേഷങ്ങളിൽ ശ്രീനി അഭിനയിച്ചുവരുന്ന കാലമായിരുന്നു. അവിടെനിന്ന് 2010ലെത്തിയപ്പോൾ ഞാൻ നിർമിച്ച പച്ചമരത്തണലിൽ ശ്രീനി നായകനുമായി. അതാണ് ശ്രീനിയുമായി സഹകരിച്ച അവസാന സിനിമയെന്നും അദ്ദേഹം പറഞ്ഞു.










0 comments