പരിവഹൻ പണിമുടക്കി, സേവനങ്ങൾ നിലച്ചു; പൊല്ലാപ്പിലായി വാഹന ഉടമകൾ

സ്വന്തം ലേഖിക
Published on Oct 09, 2026, 10:50 AM | 1 min read
കോഴിക്കോട്: പരിവഹൻ ആപ്പ് പണിമുടക്കിയതോടെ പൊല്ലാപ്പിലായി വാഹന ഉടമകൾ. ഗതാഗത സേവനങ്ങൾ ലഭ്യമാക്കുന്ന റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹെെവേ മന്ത്രാലയത്തിന്റെ പോർട്ടൽ തകരാറിലായിട്ട് ദിവസങ്ങളായി. ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ, വിലാസ മാറ്റം, ഉടമസ്ഥാവകാശ കൈമാറ്റം, വാഹന വായ്പയുമായി ബന്ധപ്പെട്ട ബാങ്ക് ബാധ്യത കൂട്ടിച്ചേർക്കാനും വായ്പ പൂർത്തിയായശേഷം അത് ഒഴിവാക്കാനും ഉള്ള ഹൈപ്പോത്തിക്കേഷൻ തുടങ്ങിയ സേവനങ്ങൾ ഓൺലൈനിൽ ചെയ്യുന്ന പോര്‍ട്ടലാണ് മന്ദഗതിയിലായത്.
അക്ഷയ, ഇ സേവ കേന്ദ്രങ്ങളിലും ആർടിഒ ഓഫീസിലും എത്തുന്നവര്‍ മണിക്കൂറുകൾ വരിനിന്നിട്ടും നിരാശയോടെ മടങ്ങുന്ന സ്ഥിതിയാണ്. വെബ്സെെറ്റ് പുതുക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ പ്രശ്നങ്ങളെന്നാണ് അധികൃതര്‍ നൽകുന്ന വിവരം. സേവനങ്ങളെല്ലാം ആധാർ അധിഷ്ഠിത ഒടിപി സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം. പുതിയ സേവനങ്ങൾ കൂട്ടിച്ചേർക്കുന്നുമുണ്ട്. ആർടിഒ ഓഫീസുകളിൽ എത്താതെ മുഴുവൻ കാര്യങ്ങളും ചെയ്യാവുന്ന തരത്തിലാണ് പുതുക്കലെന്നാണ് സൂചന.
എന്നാൽ, ഇതുസംബന്ധിച്ച വിശദാംശങ്ങളോ മുന്നറിയിപ്പോ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചില്ലെന്ന് പരാതിയുണ്ട്. ആർടിഒമാരുടെ ജോലികളും സൈറ്റ് തകരാറിനാൽ പലപ്പോഴും തടസ്സപ്പെടുകയാണ്. നിയമലംഘനങ്ങൾക്കുള്ള പിഴയടക്കാനും സാധിക്കുന്നില്ല. ഓൺലൈൻ സർവീസിനിടെ ഒടിപി ലഭിക്കാത്തതും പ്രതിസന്ധിയാകുന്നു. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട സേവനങ്ങളും പ്രതിസന്ധിയിലാകുന്നുണ്ട്.









0 comments