Deshabhimani

പരിവാഹൻ സൈറ്റിലെ സാങ്കേതിക തകരാർ; നടപടികൾ പൂർത്തിയാകാതെ വലഞ്ഞത്‌ ലക്ഷങ്ങൾ

Parivahan
avatar
സ്വന്തം ലേഖകൻ

Published on Nov 28, 2026, 07:41 AM | 1 min read

ആലപ്പുഴ : വാഹന ഉടമകളെ വലച്ച്‌ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ പോർട്ടലിലെ സാങ്കേതിക തടസ്സം. മാസങ്ങൾ നീണ്ട നവീകരണത്തിനുശേഷം സെപ്‌തംബർ പകുതിയോടെ പ്രവർത്തന സജ്ജമായ സൈറ്റ്‌ പണിമുടക്കുന്നത് പതിവായി. നിരവധിപേരാണ്‌ ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷൻ, വിലാസ മാറ്റം, ഉടമസ്ഥാവകാശ കൈമാറ്റം, വാഹന വായ്പയുമായി ബന്ധപ്പെട്ട ഹൈപ്പോത്തിക്കേഷൻ ചേർക്കൽ, ഒഴിവാക്കൽ, ഫിറ്റ്‌നസ്‌ പരിശോധന തുടങ്ങിയവ നടപ്പാക്കാനാവാതെ ബുദ്ധിമുട്ടിയത്‌.


ഒരാഴ്‌ചയായി പണം അടയ്‌ക്കുന്ന സംവിധാനം ഉൾപ്പെടെ പൂർണമായി മുടങ്ങിയത്‌ ടെസ്റ്റ്‌ പൂർത്തിയാക്കി സർവീസ്‌ ആരംഭിക്കാൻ കാത്തിരുന്ന ട്രാൻസ്‌പോർട്ട്‌ വാഹന ഉടമകളെ വരെ വലച്ചു. ആർടിഒ ഓഫീസുകൾ സന്ദർശിക്കാതെ ഓൺലൈനായി ചെയ്യേണ്ട നടപടികൾ മുടങ്ങിയതോടെ ചെറിയ സേവനങ്ങൾക്കുപോലും സാധാരണക്കാർ നെട്ടോട്ടത്തിലാണ്‌.


പരിശോധനാ നടപടികൾക്കായി അപേക്ഷിച്ചിട്ടും ഫീസ് അടയ്ക്കാനോ തുടർനടപടികൾ പൂർത്തിയാക്കാനോ കഴിയാത്തത് വാഹനങ്ങളുടെ വൈകുന്നതിനും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി. ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി അക്ഷയ, ഇ -സേവ കേന്ദ്രങ്ങളെ സമീപിച്ചവരും നിരാശരായി മടങ്ങേണ്ടിവന്നു. അപേക്ഷകൾ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമായി മണിക്കൂറുകളോളം കാത്തിരുന്നിട്ടും നടപടികൾ പൂർത്തിയാക്കാനായില്ല. പോർട്ടലിലെ തടസ്സം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതും സേവനങ്ങൾ എപ്പോൾ പുനസ്ഥാപിക്കുമെന്നതിൽ വ്യക്തതയില്ലാത്തതും ദുരിതം വർധിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് മുടങ്ങിക്കിടന്ന പല സേവനങ്ങളും ഭാഗികമായി പുനരാരംഭിക്കാനായത്. എന്നാൽ, ആശങ്ക തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home