ad
Deshabhimani

പുതിയ പാലത്തെ വലിയ പാലം മന്ത്രി ഉദ്ഘാടനം ചെയ്തു

പാരിസ് മാതൃകയില്‍ കോഴിക്കോട്ട് കനാല്‍സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കും: മന്ത്രി റിയാസ്

P A Muhammad Riyas

പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്ക്

Published on Feb 20, 2026, 08:40 PM | 2 min read

കോഴിക്കോട്: കനോലി കനാലിലൂടെ യാത്രാ സൗകര്യവും ചരക്ക് ഗതാഗതവും ടൂറിസവുമെല്ലാം സാധ്യമാക്കി പാരിസ് മാതൃകയില്‍ കോഴിക്കോട്ട് കനാല്‍സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കനോലി കനാലിന് കുറുകെ നിര്‍മിച്ച പുതിയ പാലത്തെ വലിയ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കനാല്‍ സിറ്റിയുടെ ഒന്നാംഘട്ട വികസന പ്രവൃത്തിക്കായി 73.21 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.


കാലിക്കറ്റിനെ ന്യൂ കാലിക്കറ്റ് ആയി മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് 1312.67 കോടി രൂപയാണ്. കോഴിക്കോടിന്റെ വികസന കാര്യത്തില്‍ ഒരു കാലത്തുമില്ലാത്ത രീതിയിലാണ് സര്‍ക്കാര്‍ പരിഗണന നല്‍കിയത്. കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ നൂറ് പാലങ്ങളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 150ലധികം പൂര്‍ത്തീകരിക്കാനായി. പുതിയ പാലത്തെ വലിയ പാലം കോഴിക്കോട് നഗരത്തിനാകെ ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷനായി. മേയര്‍ ഒ സദാശിവന്‍, ഡെപ്യൂട്ടി മേയര്‍ എസ് ജയശ്രീ, കേരള മനുഷ്യാവകാശ കമീഷന്‍ ജുഡീഷ്യല്‍ മെമ്പര്‍ കെ ബൈജുനാഥ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. കെ.ആര്‍.എഫ്.ബി നോര്‍ത്ത് സര്‍ക്കിള്‍ ലീഡര്‍ ഇ ജി വിശ്വപ്രകാശ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജെ ഷാനു എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് നഗരത്തിലെ പുതിയ പാലത്തെ മീഞ്ചന്ത മിനി ബൈപാസുമായി ബന്ധിപ്പിക്കുന്നതാണ് പാലം. കിഫ്ബി വഴി 2022ല്‍ 60 കോടി രൂപ അനുവദിച്ചതോടെയാണ് പ്രവൃത്തി ആരംഭിച്ചത്. കനോലി കനാലിന് കുറുകെ 16.53 കോടി രൂപ വിനിയോഗിച്ച് 195 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും ആര്‍ച്ച് മാതൃകയില്‍ നിര്‍മിച്ച പാലത്തിനൊപ്പം ഇരു വശങ്ങളിലും അപ്രോച്ച് റോഡുമുണ്ട്. 40 കോടി രൂപയാണ് സ്ഥലമെടുപ്പിന് ചെലവായത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനായിരുന്നു നിര്‍മാണ ചുമതല. പുതിയ പാലം യാഥാര്‍ഥ്യമായതോടെ റെയില്‍വേ സ്റ്റേഷന്‍, പാളയം, തളി, കല്ലായി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താന്‍ സാധിക്കും. കനോലി കനാല്‍ നാഷണല്‍ വാട്ടര്‍ വേയില്‍ ഉള്‍പ്പെട്ടതിനാല്‍ ആവശ്യമായ ഉയരം നല്‍കിയാണ് വലിയ പാലം രൂപകല്‍പന ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home