Deshabhimani

print edition പറവൂർ താലൂക്കാശുപത്രിയിൽ ചികിത്സാപ്പിഴവ്‌: ചികിത്സ നൽകിയില്ല; രോഗിയുടെ കാൽ മുറിച്ചുമാറ്റി

Paravur.jpg

അബ്‌ദുൽ ജബ്ബാറിന്റെ വലതുകാൽ മുറിച്ചുമാറ്റിയ നിലയിൽ

വെബ് ഡെസ്ക്

Published on Nov 10, 2026, 12:18 AM | 1 min read

പറവൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ താലൂക്കാശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന്‌ മധ്യവയസ്‌കന്റെ കാൽ മുറിച്ചുമാറ്റേണ്ടിവന്നു. കാൽവേദനയ്‌ക്ക്‌ ചികിത്സ തേടിയ കുന്നുകര വയൽക്കര ആറ്റുവേപ്പിൽ അബ്ദുൽ ജബ്ബാറി(56)ന്റെ വലതുകാലാണ്‌ മൂന്നുമാസംമുമ്പ് മുട്ടിന് താഴെ മുറിക്കേണ്ടിവന്നത്‌.


നഷ്ടപരിഹാരം നൽകാമെന്ന്‌ വാഗ്‌ദാനം ചെയ്ത്‌ പരാതി നൽകാതിരിക്കാൻ സമ്മർദം ചെലുത്തിയിരുന്നു. തുടർചികിത്സയ്‌ക്ക്‌ സഹായമോ നഷ്ടപരിഹാരമോ നൽകിയില്ല. കാൽമുറിച്ചതോടെ കിടപ്പിലായ അബ്ദുൽ ജബ്ബാർ തിങ്കളാഴ്ച പറവൂർ താലൂക്കാശുപത്രി സൂപ്രണ്ടിന്‌ പരാതി നൽകി. നടപടികളിൽ കാലതാമസമുണ്ടായാൽ ആശുപത്രിക്കുമുന്നിൽ സമരം ചെയ്യാനാണ്‌ അബ്ദുൽ ജബ്ബാറിന്റെ തീരുമാനം.


ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിനുസമീപം ഹോട്ടൽ നടത്തിയിരുന്ന അബ്ദുൽ ജബ്ബാർ, ജൂലൈ 26 രാത്രി ഏഴിനാണ് പറവൂർ ആശുപത്രിയിൽ കാൽപ്പാദത്തിൽ വേദനയുമായെത്തിയത്‌. കാഷ്വാലിറ്റിയിലെ ഡോക്ടർ പരിശോധിച്ച്‌ വേദനസംഹാരികളും കുത്തിവയ്‌പും നൽകി വീട്ടിലേക്കയച്ചു. വേദന കൂടിയതിനാൽ രാത്രി വീണ്ടുമെത്തി. ചില മരുന്നുകൾകൂടി നൽകി അടുത്തദിവസം സർജനെ കാണാൻ നിർദേശിച്ച്‌ മടക്കി.


സർജനെ കണ്ടപ്പോഴാണ്‌ കാലിനുണ്ടായ വേദനയ്‌ക്ക് കാരണം സ്ട്രോക്കാണെന്ന്‌ തിരിച്ചറിഞ്ഞത്‌. വേദന തുടങ്ങി ആറുമണിക്കൂറിനകം ശസ്ത്രക്രിയ ചെയ്യണമായിരുന്നെന്നും വൈകിയതിനാൽ മുട്ടിനുതാഴെ മുറിച്ചുനീക്കണമെന്നും സർജൻ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ പോകാനും നിർദേശിച്ചു.


ഇതുറപ്പിക്കാൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലും ചികിത്സാപ്പിഴവ്‌ കണ്ടെത്തി. തുടർന്ന്‌, കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തി കാൽ മുറിച്ചുമാറ്റി. ചികിത്സാപ്പിഴവ്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ താലൂക്കാശുപത്രി സൂപ്രണ്ട്‌ ഡോ. ആഷ കെ ജോണിനാണ്‌ ജബ്ബാർ പരാതി നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home