പാങ്ങോട് സൈനിക ക്യാമ്പിൽ ആനക്കൊമ്പ് മോഷണം; പ്രതി ക്യാമ്പിലുള്ളയാൾ തന്നെയെന്ന് സൂചന

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് ആനക്കൊമ്പ് മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. സൈനിക ക്യാമ്പിനുള്ളിലുള്ള വ്യക്തി തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക സൂചന.
ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഏകദേശം രണ്ട് കോടി രൂപയോളം വിലമതിക്കുന്ന ആനക്കൊമ്പാണ് ക്യാമ്പിൽ നിന്ന് കാണാതായത്. കഴിഞ്ഞ ദിവസം ക്യാമ്പിൽ നടന്ന ഡിജെ പാർട്ടിയ്ക്ക് ശേഷമാണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു.
പാർട്ടിയുടെ ക്രമീകരണങ്ങൾക്കായി എത്തിയ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള സംഘത്തെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ക്യാമ്പിലുള്ളയാൾ തന്നെയാകാം എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ക്യാമ്പിലെത്തി വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സംശയിക്കപ്പെടുന്ന വ്യക്തിയുടെ വിരലടയാളം സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കി വരികയാണ്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അതീവ സുരക്ഷയുള്ള സൈനിക മേഖലയിൽ നടന്ന മോഷണം ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.










0 comments