തിരുവനന്തപുരത്ത് വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ മധ്യവയസ്‌കന്റെ മൃതദേഹം

പ്രതീകാത്മക ചിത്രം
പാലോട്: വനത്തിനകത്ത് ഹെൽമെറ്റ് തലയിൽ ധരിച്ച നിലയിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. വിതുര സ്വദേശി കുഞ്ഞുമോൻ എന്ന് വിളിക്കുന്ന പ്രിൻസിന്റെ (52) മൃതദേഹമാണ് ആളൊഴിഞ്ഞ വനമേഖലയിൽ കണ്ടെത്തിയത്. പാലോട് കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരനാണ് അന്തരിച്ച പ്രിൻസ്.
പാലോട് – പാണ്ഡ്യൻപാറ കെ.എസ്.ഇ.ബി പവർ സ്റ്റേഷന് സമീപത്തുള്ള വനപ്രദേശത്തു നിന്നാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്. തലയിൽ ഹെൽമെറ്റ് ധരിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കിടന്നിരുന്നത് എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞദിവസം ജോലിക്ക് പോയ പ്രിൻസ് രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ആശങ്കാകുലരായ കുടുംബാംഗങ്ങൾ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും പ്രിൻസ് സ്ഥിരമായി പോകാറുള്ള വഴികളിലും തിരച്ചിൽ നടത്തുന്നതിനിടയിലാണ് പവർ സ്റ്റേഷന് സമീപത്തെ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തുന്നത്.
വിവരമറിഞ്ഞ് പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ ആരംഭിച്ചു. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താൻ പോലീസിന്റെ സയന്റിഫിക് ഇൻവെസ്റ്റിഗേഷൻ സംഘവും സ്ഥലത്തെത്തും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.










0 comments