പാലിയേക്കര ടോൾപ്ലാസയ്‌ക്ക് സമീപം ജീവനെടുക്കുന്ന പാർക്കിങ്

തൃശൂർ: അപകടങ്ങളും മരണങ്ങളും തുടർച്ചയായിട്ടും ദേശീയ പാതയോരങ്ങളിൽ അശ്രദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തുടരുന്നു. പാലിയേക്കര ടോൾ പ്ലാസയ്‌ക്കു സമീപം ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. ഇവിടെ നോ പാർക്കിങ് ബോർഡ് വച്ച സ്ഥലത്ത് പോലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്.
ആമ്പല്ലൂരില്‍ നിന്ന് തൃശൂരിലേക്കുള്ള പാതയിൽ ടോൾ പ്ലാസയിൽ ഓട്ടോകളും ബൈക്കുകളും കടന്നുവരുന്ന പാതയ്‌ക്ക് മുൻവശത്തായി ടോറസുകൾ ഉൾപ്പടെ വലിയ വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്. ഓട്ടോകളും ബൈക്കുകളും ടോൾപ്ലാസ കടന്നുവരുന്ന ഭാഗത്താണ് മറ്റുവാഹനങ്ങൾ നിർത്തിയിടുന്നത്. ഇത്തരം വണ്ടികളെ മറികടന്ന് പ്രധാന പാതയിലേക്ക് കടക്കണം.
ഈ സമയം പ്രധാന പാതയിലൂടെ മറ്റുവാഹനങ്ങൾ ചിറിപ്പാഞ്ഞുവരുന്നത് അപകടങ്ങൾക്കിടയാക്കുകയാണ്. 24 ചക്രങ്ങൾ വരെയുള്ള വലിയ വാഹനങ്ങളും റോഡിൽ പാർക്ക് ചെയ്യുന്നുണ്ട്. ഇത്തരം വാഹനങ്ങളെ മറികടക്കാൻ ഏറെ ബുദ്ധിമുട്ടാണ്. മണ്ണുത്തി ബൈപാസിൽ സമാന്തര റോഡുകളിൽ ഉൾപ്പടെ വണ്ടികൾ അനധികൃതമായി പാർക്ക് ചെയ്യുന്നുണ്ട്.
കഴിഞ്ഞയാഴ്‌ച ദേശീയപാത 66ൽ കയ്‌പമംഗലത്ത് അനധികൃതമായി പാർക്ക് ചെയ്‌തിരുന്ന ലോറിയിൽ കാറിടിച്ച് എട്ട് വിദ്യാർഥികൾ മരിച്ചിരുന്നു. തുടർന്ന് അനധികൃത പാർക്കിങ്ങുകൾ ഉൾപ്പടെ പരിശോധിക്കാൻ കലക്ടർ നിർദേശിച്ചിരുന്നു. എന്നാൽ അപകടം വരുത്തുംവിധം പാർക്കിങ്ങുകൾ തുടരുകയാണ്.









0 comments