റുവാണ്ടൻ പ്രസിഡന്റിന്റെ സന്ദർശനം; 8 ധാരണപത്രം ഒപ്പുവച്ച് ഒമാൻ

മസ്‌കത്ത് : വിസ ഇളവടക്കം വിവിധ മേഖലയിൽ സഹകരണത്തിന് ഒമാനും റുവാണ്ടയും. റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമെയുടെ ഒമാൻ സന്ദർശനത്തെ തുടർന്ന് ഇരുരാജ്യങ്ങളും എട്ട് കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവച്ചു. വിസ ഇളവുകൾ, നികുതി, കൃഷി, ലോജിസ്റ്റിക്സ്, നിക്ഷേപം, തന്ത്രപരമായ സഹകരണം എന്നിവയുൾപ്പെടെയുള്ള മേഖലകൾ ഉൾക്കൊള്ളുന്ന രണ്ട് കരാറും ആറ് ധാരണപത്രങ്ങളുമാണ് ഒപ്പുവച്ചത്.
സന്ദർശന വേളയിൽ കഗാമെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കുമായി ചർച്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും സാമ്പത്തിക, നിക്ഷേപ സഹകരണം വികസിപ്പിക്കാനുമുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിശാല നീക്കത്തിന്റെ ഭാഗമായി അതത് രാജ്യങ്ങളിൽ റെസിഡന്റ് എംബസികൾ തുറക്കാൻ സമ്മതിച്ചു. സംയുക്ത കമ്മിറ്റിയും സംയുക്ത ബിസിനസ് കൗൺസിലും സ്ഥാപിക്കാനും പരസ്പര താൽപര്യമുള്ള മേഖലകളിൽ ഇടപെടൽ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സഹകരണ പരിപാടി നടപ്പാക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു.
കരാർ ഒമാനും റുവാണ്ടയും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ പങ്കാളിത്തങ്ങളുടെ വികാസത്തെ പിന്തുണയ്‌ക്കാനും നയതന്ത്ര പ്രാതിനിധ്യം ശക്തിപ്പെടുത്താനും സഹകരണം സുഗമമാക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനുശേഷം റുവാണ്ടൻ പ്രസിഡന്റ് ചൊവ്വാഴ്‌ച ഒമാൻ വിട്ടു. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് കഗാമെയെ സലാലയിലെ റോയൽ വിമാനത്താവളത്തിൽ യാത്രയാക്കി.








0 comments