പാലക്കാട് റെയിൽവേ വെട്ടിമുറിക്കൽ: ഉന്നതർ മംഗളൂരുവിൽ; ജീവനക്കാരുടെ കണക്കെടുപ്പ് തുടങ്ങി

പ്രത്യേക ലേഖകൻ
Published on Sep 02, 2026, 12:00 AM | 1 min read
പാലക്കാട് : പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക് ചേർത്തതോടെ അവിടെയുള്ള ആകെ ജീവനക്കാരുടെ കണക്കെടുക്കാനും വരുമാനത്തിന്റെ വിവരശേഖരണവും മൈസൂരു ഡിവിഷൻ തുടങ്ങി. ഇതിനായി ഉന്നത ഉദ്യോഗസ്ഥർ രണ്ടുദിവസമായി മംഗളൂരുവിൽ തന്പടിക്കുകയാണ്.
250 ജീവനക്കാർ മംഗളൂരുവിൽനിന്ന് പാലക്കാട് ഡിവിഷനിലേക്ക് മാറാൻ അപേക്ഷ നൽകി കാത്തിരിക്കുന്പോഴാണ് അപ്രതീക്ഷിത നടപടി. ഡിആർഇയു ഏറ്റവും ശക്തമായ ഡിവിഷനുകളിൽ ഒന്നാണ് പാലക്കാട്. റെയിൽവേ സമരങ്ങളിൽ ഏറ്റവും കൂടുതൽ ജീവനക്കാർ പങ്കെടുക്കുന്നതും ഇവിടെയാണ്. സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവർക്ക് അതാതിടത്ത് നൽകണമെന്ന് ഡിആർഇയു ആവശ്യപ്പെട്ടിരുന്നു. എന്നാൽ പലരേയും മൈസൂരു ഡിവിഷനിലെ പല മേഖലകളിലേക്ക് മാറ്റാനാണ് ഉന്നത ഉദ്യോഗസ്ഥർ മംഗളൂരുവിൽ തന്പടിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.
ഒക്‌ടോബർ ഒന്നുമുതൽ മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്‌ഷൻ എന്നിവ പാലക്കാട്ടുനിന്ന് മൈസൂരുവിലേക്ക് മാറ്റാനാണ് റെയിൽവേ ഉത്തരവിറിക്കിയിരിക്കുന്നത്. ആകെ 17 കിലോമീറ്റർ ദൂരം മാത്രമാണ് പാലക്കാട് ഡിവിഷനിൽനിന്ന് വെട്ടിമാറ്റപ്പെടുന്നുവെന്നുള്ള ന്യായമാണ് ബിജെപിയും റെയിൽവേയും ഉയർത്തുന്നതെങ്കിലും പാലക്കാട് ഡിവിഷന്റെ വരുമാനത്തിന്റെ 60 ശതമാനവും പുറപ്പെടുന്ന ട്രെയിനുകളിൽ ഭൂരിഭാഗവും നഷ്ടമാകും. നിലവിൽ ആറ് ട്രെയിൻ മാത്രമുള്ള ഡിവിഷനായി പാലക്കാട് മാറും. വരുമാനം കുറയുന്നതോടെ പാലക്കാട് ഡിവിഷൻ നിലനിർത്തണോ എന്ന കാര്യവും റെയിൽവേ ഗൗരവമായി പരിശോധിക്കുന്നുണ്ട്. വരുമാനത്തിൽ കുറവ് വരുന്നതോടെ ഡിവിഷൻ നിലനിർത്താൻ റെയിൽവേക്ക് താൽപ്പര്യമുണ്ടാകില്ല. മാത്രമല്ല, പുറപ്പെടുന്ന ട്രെയിനുകളുടെ എണ്ണത്തിലെ കുറവും പാലക്കാടിന്റെ നിലനിൽപ്പിനെ ബാധിക്കും.










0 comments