Deshabhimani

print edition പാലക്കാട്‌ ഡിവിഷൻ വെട്ടിമുറിക്കൽ: ടെർമിനലും പിറ്റ്‌ലൈനും ഇല്ലാതാകും

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തിയ ഡിവിഷൻ ഓഫീസ്‌ ഉപരോധത്തിനിടെ പ്രവർത്തകയെ പൊലീസ്‌ വലിച്ചിഴച്ച് കൊണ്ടുപോകുന്നു

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തിയ ഡിവിഷൻ ഓഫീസ്‌ ഉപരോധത്തിനിടെ പ്രവർത്തകയെ പൊലീസ്‌ വലിച്ചിഴച്ച് കൊണ്ടുപോകുന്നു

avatar
നിഖിൽ രവീന്ദ്രൻ

Published on Aug 25, 2026, 01:30 AM | 2 min read

പാലക്കാട്‌: മംഗളൂരു ഭാഗം വെട്ടിമാറ്റുന്നതോടെ ടെർമിനലും പൂർണസജ്ജമായ പിറ്റ്‌ലൈനും (ട്രെയിൻ അറ്റകുറ്റപ്പണിക്കും ശുചീകരണത്തിനുമുള്ള കേന്ദ്രം) ഇല്ലാത്ത റെയിൽവേ ഡിവിഷനായി പാലക്കാട്‌ മാറും. നിലവിൽ മംഗളൂരു സെൻട്രലിലാണ്‌ പാലക്കാട്‌ ഡിവിഷന്റെ ഏക ടെർമിനലും പിറ്റ്‌ലൈനുമുള്ളത്‌. ദിവസം 25 ട്രെയിനുകൾവരെ ഇവിടെ അറ്റകുറ്റപ്പണി ചെയ്യുന്നു. ഭൂരിഭാഗവും ഷൊർണൂർ ഭാഗത്തേക്കുള്ളതാണ്‌. മംഗളൂരു മേഖല മൈസൂരു ഡിവിഷന്റെ കീഴിലാക്കുന്നതോടെ പാലക്കാടിന് ടെർമിനലും പിറ്റ്‌ലൈനും നഷ്‌ടപ്പെടും. നിലവിൽ ഷൊർണൂരുള്ള പിറ്റ്‌ലൈൻ പത്തിൽ താഴെ കോച്ചുകൾക്ക്‌ പ്രാഥമിക മെയിന്റനൻസിനുള്ള പരിമിത സ‍ൗകര്യം മാത്രമേ ഉള്ളൂ.


ദക്ഷിണ റെയിൽവേയുടെ പ്രധാന ടെർമിനലാണ്‌ മംഗളൂരു. പിറ്റ്‌ലൈൻ, ട്രെയിനുകൾ നിർത്താൻ സ്റ്റേബിളിങ്‌ ലൈനുകൾ, കോച്ച്‌ ഡിപ്പോ തുടങ്ങിയവയാണ്‌ ഇവിടെയുള്ളത്‌. പിറ്റ്‌ലൈനുകളും സ്റ്റേബിളിങ്‌ ലൈനുകളും വികസിപ്പിക്കാൻ പാലക്കാട് ഡിവിഷൻ വൻ തുക ചെലവഴിച്ചിരുന്നു.ഇതിനുപിന്നാലെയാണ്‌ ഇരുട്ടടി.


പ്രധാനമായും നാലുതരം അറ്റകുറ്റപ്പണിയാണ്‌ ട്രെയിനിന്‌ ആവശ്യം. പ്രൈമറി, സെക്കൻഡറി, ഇന്റർമീഡിയറ്റ്, പിരിയോഡിക് ഓവർഹാളിങ് എന്നിവയാണവ. പത്തുമണിക്കൂറിലേറെ നീളുന്ന പ്രൈമറി അറ്റകുറ്റപ്പണി ടെർമിനലിലാണ്‌ നടത്തുക. യാത്രകഴിഞ്ഞ ട്രെയിനിന്റെ ഇലക്‌ട്രിക്‌, മെക്കാനിക്‌, വാട്ടറിങ്‌ തുടങ്ങിയവ വിശദമായി പരിശോധിക്കും. മൂന്ന്‌ മണിക്കൂറിലേറെ സമയമെടുക്കുന്നതാണ്‌ സെക്കൻഡറി പരിശോധന. വെള്ളം നിറയ്‌ക്കലും വൃത്തിയാക്കലുമാണ്‌ പ്രധാനം. നിശ്ചിത ഇടവേളകളിലാണ്‌ പിരിയോഡിക്കൽ ഓവർഹാളിങ്. ചെന്നൈയിലും തിരുച്ചിറപ്പള്ളിയിലുമാണ് ഇതിന്‌ സൗകര്യമുള്ളത്‌. ഷൊർണൂരിൽ ഇന്റർമീഡിയറ്റ് ഓവർഹാളിങ് ഷെഡ്ഡുണ്ടെങ്കിലും ദിവസേനയുള്ള അറ്റകുറ്റപ്പണിക്ക്‌ സംവിധാനമില്ല. മാസങ്ങളുടെ ഇടവേളകളിലുള്ള അറ്റകുറ്റപ്പണിയാണ് ഇവിടെ നടത്തുന്നത്‌. പാലക്കാട് വഴിയുള്ള ട്രെയിനുകൾക്ക്‌ സമയബന്ധിതമായ പരിപാലന സൗകര്യം ഇല്ലാത്തത്‌ മറ്റ്‌ സർവീസുകളെയും ബാധിക്കുന്നുണ്ട്. നിർമാണത്തിലുള്ള പാലക്കാട്‌ പിറ്റ്‌ലൈൻ പൂർത്തിയായാലും പ്രശ്‌നം പരിഹരിക്കാനാകില്ല. തിരുവനന്തപുരം ഡിവിഷനിൽ കൊച്ചുവേളി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം എന്നിവിടങ്ങളിൽ വലിയ പിറ്റ്‌ലൈനുകളുണ്ട്‍.


പ്രതിഷേധവുമായി 
ഡിവൈഎഫ്‌ഐ


റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ചതിനെതിരെ പാലക്കാട്‌ റെയിൽവേ ഡിവിഷൻ ഓഫീസ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉപരോധിച്ചു. നേതാക്കളെയും പ്രവർത്തകരെയും പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ്ചെയ്‌ത്‌ നീക്കി. ഉപരോധം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്‌തു.


പൊള്ളാച്ചിയെ മാറ്റണമെന്നും ആവശ്യം


പൊള്ളാച്ചി ജങ്‌ഷനെയും പാലക്കാട്‌ ഡിവിഷനിൽനിന്ന്‌ മാറ്റണമെന്ന ആവശ്യം തമിഴ്‌നാട്ടിൽ ശക്തം. മധുര ഡിവിഷനിലേക്കോ സേലം ഡിവിഷനിലേക്കോ പൊള്ളാച്ചിയെ കൂട്ടിച്ചേർക്കണമെന്നാണ്‌ സമൂഹമാധ്യമങ്ങളിൽ പ്രചാരണം. യാത്രക്കാരിൽ ബഹുഭൂരിപക്ഷം തമിഴ്‌നാട്ടിൽനിന്നായതിനാൽ പൊള്ളാച്ചിയെ തമിഴ്‌നാട് കേന്ദ്രീകൃത ഡിവിഷനിലേക്ക് മാറ്റിയാൽ ഭരണപരമായ ഏകോപനവും യാത്രാസൗകര്യങ്ങളും വർധിപ്പിക്കാൻ കഴിയുമെന്നാണ്‌ വാദം. കന്യാകുമാരി, നാഗർകോവിൽ മേഖലകളെ പുനഃസംഘടിപ്പിക്കണമെന്നും ആവശ്യമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home