print edition പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ: ഇല്ലാതാകും, എക്‌സ്‌പ്രസ് ട്രെയിനുകളുടെ നിയന്ത്രണം


നിഖിൽ രവീന്ദ്രൻ
Published on Aug 26, 2026, 01:30 AM | 1 min read
പാലക്കാട്: മംഗളൂരു മേഖല അടർത്തിമാറ്റുന്നതോടെ സ്വന്തമായി എക്‌സ്‌പ്രസ് ട്രെയിനുകളില്ലാത്ത റെയിൽവേ ഡിവിഷനാകും പാലക്കാട്. മംഗളൂരുവിൽനിന്ന് പാസഞ്ചറുകളും സ്‌പെഷൽ ട്രെയിനുകളുമല്ലാതെ 83 എക്‌സ്‌പ്രസുകളുടെ സർവീസാണ് നിയന്ത്രിക്കുന്നത്. ഇതിൽ 21 എണ്ണമാണ് ഷൊർണൂർ ഭാഗത്തേക്കുള്ളത്. ഇവയെല്ലാം മൈസൂരുവിന്റെ ഭാഗമാകും. അതോടെ ഏതാനും പാസഞ്ചർ ട്രെയിൻ മാത്രമാകും പാലക്കാടിന്റെ പരിധിയിലുണ്ടാകുക. രാജ്യറാണി, ജനശതാബ്‌ദി, കേരള എക്‌സ്‌പ്രസ് തുടങ്ങിയവ തിരുവനന്തപുരം ഡിവിഷനുകീഴിലാണ്, അമൃത എക്‌സ്‌പ്രസ് മധുര ഡിവിഷന്റെയും. സ്വന്തമായി എക്‌സ്‌പ്രസ് ട്രെയിനുകളില്ലാത്തത് ഡിവിഷന്റെ പ്രവർത്തനത്തെയും ബാധിക്കും.
ആഘോഷകാലത്തും തിരക്ക് കൂടുന്ന സമയങ്ങളിലും പ്രത്യേക ട്രെയിൻ അനുവദിക്കുന്നതിലും ഡിവിഷൻ വെട്ടിമുറിക്കൽ തിരിച്ചടിയാകും. ഇത്തവണ ഓണത്തിന് 112 സ്‌പെഷൽ സർവീസാണ് അനുവദിച്ചത്. സാധാരണ ടിക്കറ്റ് മുഴുവൻ റിസർവായാൽ പ്രത്യേക സർവീസ് അനുവദിക്കാൻ സോണൽ ജനറൽ മാനേജർമാർക്ക് അധികാരമുണ്ട്. മറ്റ് സോണുകളിലൂടെ പോകുന്ന സർവീസ് ആണെങ്കിൽ ആ സോണിന്റെ അനുമതിയും വേണം. ചീഫ് പാസഞ്ചർ ട്രാൻസ്‌പോർട്ട് മാനേജർമാർ തമ്മിലുള്ള ചർച്ചയുടെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക. മംഗളൂരു, തിരുവനന്തപുരം, എറണാകുളം, ചെന്നൈ, കോയന്പത്തൂർ തുടങ്ങിയ നഗരങ്ങൾ ദക്ഷിണ റെയിൽവേയുടെ കീഴിലായിരുന്നതിനാൽ എളുപ്പത്തിൽ കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ അനുവദിക്കാമായിരുന്നു. പ്രധാന ഓപ്പറേറ്റിങ് സ്റ്റേഷനായ മംഗളൂരു നഷ്‌ടപ്പെടുന്നതോടെ ഇൗ പ്രക്രിയ സങ്കീർണമാകും. മംഗളൂരു സൗത്ത് വെസ്റ്റ് റെയിൽവേയുടെ കീഴിലാകുന്നതോടെ ഇതിലൂടെയുള്ള സർവീസുകളുടെ നിയന്ത്രണം കേരളത്തിന്റെ താൽപ്പര്യപ്രകാരമാകില്ല.









0 comments