പാലക്കാട് ജില്ലാ ആശുപത്രിയിലെ മരുന്ന് ക്ഷാമം; നേരിട്ട് പരിഹരിച്ച് എൽഡിഎഫിന്റെ പഞ്ചായത്ത് ഭരണസമിതി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ആഴ്ചകളായി തുടരുന്ന മരുന്ന് ക്ഷാമം നേരിട്ട് പരിഹരിച്ച് പാലക്കാട് ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതി. സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിൽ ആരോഗ്യവകുപ്പ് യാതൊരു പരിഹാരവും കാണാതെ തുടരുന്ന സാഹചര്യത്തിൽ 4.25 കോടി ചെലവിട്ടാണ് ജില്ലാ പഞ്ചായത്ത് മരുന്നെത്തിച്ചത്.
ആരോഗ്യവകുപ്പ് മരുന്നെത്തിക്കാൻ വൈകും എന്ന മനസിലായതോടെ പഞ്ചായത്ത് നേരിട്ട് വിഷയം പരിഹരിക്കുകയായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു പറഞ്ഞു. ആശുപത്രിയിലെ കെട്ടിട നിര്‍മ്മാണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഫണ്ടാണ് ഇപ്പോൾ മരുന്ന് വാങ്ങാൻ വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.
ജീവൻ രക്ഷാമരുന്നുകൾ പോലും ലഭ്യമല്ലാത്ത സാഹചര്യം ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് മനസിലായതുകൊണ്ടാണ് ആ വിഷയം ആദ്യം പരിഹരിക്കാൻ തയാറായത്. നിലവിലെ സാഹചര്യം ജനങ്ങളെ വല്ലാതെ വലയ്ക്കുകയാണ്.
സ്വകാര്യ ആശുപത്രികളിൽ നിന്നും മറ്റു മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്ന് വാങ്ങുന്നതിനു ഭീമമായ തുക നൽകാൻ ജനങ്ങളെ നിർബന്ധിതരാക്കുകയാണ്. ചെറിയ പൈസയ്ക്ക് മികച്ച ചികിത്സ ലഭിക്കാനായി സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവർ മരുന്ന് വാങ്ങാനായി വലിയ തുക നൽകേണ്ടി വരുന്നു.
ഇത് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട വിഷയമായതിനാലാണ് ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്താകെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായി തന്നെ തുടരുകയാണ്.
സെപ്റ്റംബർ അവസാനത്തോടെ മരുന്നെത്തുമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം. എന്നാൽ നിലവിൽ ചർച്ചകൾ നടക്കുന്നതല്ലേ ഇതിനു യാതൊരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ജനങ്ങളെ ആശങ്കയിലാക്കുകയാണ്.









0 comments