കന്യാസ്ത്രീകളുടെ അറസ്റ്റ്: വേണ്ടിവന്നാൽ സംഘടിത സ്വഭാവത്തിൽ പ്രതികരിക്കുമെന്ന് പാലാ ബിഷപ്

pala bishop
വെബ് ഡെസ്ക്

Published on Jul 28, 2025, 03:53 PM | 1 min read

പാലാ: ഛത്തീസ്ഗഡിൽ തീവ്രഹിന്ദുത്വവാദികളുടെ വിചാരണക്കിരയാക്കി മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഈ ദുരനുഭവത്തിനെതിരെ വേണ്ടിവന്നാൽ വിപുലമായ സംഘടിത സ്വഭാവത്തിൽ പ്രതികരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനത്തിൽ വിശുദ്ധ കുർബ്ബാനമധ്യേ സന്ദേശം നൽകുകയായിരുന്നു ബിഷപ്.


ഛത്തീസ്ഗഡിലെ ബജറംഗ്ദൾ പ്രവത്തരുടെ ഇടപെടലിൽ സർക്കാരും റെയിൽവേ പൊലീസും ചേർന്ന് കന്യാസ്ത്രീകൾക്കെതിരെ സ്വീകരിച്ച നടപടി തികച്ചും നിയമവിരുദ്ധമാണ്. ഇത് മതേതരത്വത്തിന് എതിരെ മാത്രമല്ല. ഭരണഘടനയ്ക്ക് എതിരെ തന്നെയുള്ള കടന്നുകയറ്റമാണ്. മതേതരത്വം ദുർബലമാക്കപ്പെടുകയാണ്. ഭരണഘടനയെ ബലഹീനമാക്കുകയാണ്. ഇത്തരം നീക്കങ്ങൾ വികാരപരമായ വിഷയം മാത്രമല്ല, നിലനിൽപ്പിന്റെ വിഷയമാണ്. കന്യാസ്ത്രീകൾക്കെതിരായ ഇത്തരം തുടർച്ചയായ നീക്കങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. തികച്ചും സ്ത്രീ വിരുദ്ധമാണ്. ആദിവാസികൾക്കും കന്യാസ്ത്രീകൾക്കും കൈസ്തവ സമൂഹത്തിനും മനുഷ്യാവകാശത്തിനും ആത്യന്തികമായി സ്വാതന്ത്യത്തിനും എതിരായ നീക്കമാണ്. വിവിധ മതങ്ങളിലെ തീവ്ര സ്വഭാവമുള്ള സംഘടനകൾ മുൻവിധിയോടെയും ശത്രുതാഭാവത്തോടെയും വൈകാരികമായി ഇടപെടലുകൾ നടത്തുമ്പോൾ വലിയ സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ട്.


രാജ്യത്ത് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 4316 ക്രൈസ്‌തവ പീഡനങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് കണക്ക്. ഇത്ര സമഗ്രമായ നിയമങ്ങൾ ഉള്ള രാജ്യത്ത്, ഭരണഘടനയുള്ള രാജ്യത്തിലെ പ്രൊവിഷൻസിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യുമ്പോൾ അത് നമുക്ക് വികാരപരമായ വിഷയം മാത്രമല്ല നമ്മുടെ നിലനിൽപ്പിന്റെ കാര്യം കൂടിയാണ്. കത്തോലിക്കരായ നാം ആരെയും തട്ടിക്കൊണ്ടുപോകുന്നവരല്ല. ആരെയും കടത്തിക്കൊണ്ടു പോകുന്നവരുമല്ല. മനുഷ്യക്കടത്ത് നടക്കുന്നുണ്ടെങ്കിൽ അത് സ്വർഗ്ഗത്തിലേക്കാണ്. ഈ ഭൂമിയിലെ മനുഷ്യർക്ക് സ്വർഗ്ഗം കാണിച്ചു കൊടുക്കാൻ വേണ്ടിയാണ് കന്യാസ്ത്രീകൾ അവിടെ പ്രവർത്തിക്കുന്നത്. കേരളത്തിൽ വിവിധ മതങ്ങൾ തമ്മിൽ വഴക്കില്ല, ഒത്തൊരുമയുണ്ട് എന്നൊക്കെ എപ്പോഴും പറയുമ്പോഴും കേരളത്തിൽ നിന്നുള്ള സഹോദരിമാർ കേരളത്തിന് പുറത്ത് ആക്ഷേപിക്കപ്പെടുകയും കള്ളക്കേസിൽ ജയിൽവാസം അനുഭവിക്കേണ്ടിയും വരികയാണ്. ഭരണഘടന ആവശ്യപ്പെടുന്ന കാര്യങ്ങൾ അനുസരിച്ച് ജീവിക്കാൻ നമുക്ക് സ്വാതന്ത്ര്യം വേണമെന്നും ബിഷപ് കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home