print edition മന്ത്രിമാർ അപക്വ പ്രസ്താവന അവസാനിപ്പിക്കണം–റിയാസ്

മുൻ മന്ത്രി മുഹമ്മദ് റിയാസ് എംഎൽഎ, വി കെ സനോജ് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് എന്നിവർ കള്ളാടി തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിൽ സ്ഥലം സന്ദർശിച്ചപ്പോൾ
മേപ്പാടി : മുഖ്യമന്ത്രിയടക്കമുള്ളവർ അപക്വ പ്രസ്താവന അവസാനിപ്പിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തുരങ്കപാത പദ്ധതി പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ഓരോ മന്ത്രിമാരും ഓരോ നിലയിലാണ് പ്രതികരിക്കുന്നത്–ദുരന്തബാധിത പ്രദേശം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മന്ത്രി ദുരന്തം മനുഷ്യനിർമിതമാണെന്ന് പറയുന്നു. മറ്റൊരു മന്ത്രി തന്റെ വകുപ്പിന്റെ പ്രശ്‌നമല്ലെന്നും വേറെ മന്ത്രി ഇത് പഴയ സർക്കാരിന്റെ പ്രശ്‌നമാണെന്നും പറയുന്നു. മുഖ്യമന്ത്രി കരാറുകാരെ കുറ്റപ്പെടുത്തുന്നു. ഇത്തരം വിഷയങ്ങൾ സംസാരിക്കേണ്ട സമയമല്ല ഇത്. മണ്ണുനീക്കാൻ ആവശ്യപ്പെട്ടിട്ട് കരാർ കമ്പനി നീക്കിയില്ല എന്നതാണ് മുഖ്യമന്ത്രിയുടെ പരാതി.
കരാർ കമ്പനി മണ്ണ് നീക്കിയില്ലെങ്കിൽ സർക്കാരിന് മറ്റു മാർഗമില്ലേ. ദുരന്തനിവാരണ നിയമപ്രകാരം മണ്ണ് മാറ്റാമായിരുന്നു. ദുരന്തം മനുഷ്യ നിർമിതമാണെന്നാണ് മന്ത്രി പറയുന്നത്. ഏത് മനുഷ്യരാണ് കാരണം. കരാറുകാർ എന്ന മനുഷ്യരാണോ? അതോ കരാറുകമ്പനിയെ നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥരാണോ... ? ഉദ്യോഗസ്ഥരെ ചലിപ്പിക്കേണ്ട മന്ത്രിമാരാണോ... ? ഇതൊക്കെ ചർച്ചചെയ്യണം. ഒരു വകുപ്പ് മറ്റൊരു വകുപ്പിനെ കുറ്റപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം. എല്ലാവരെയും യോജിപ്പിച്ച് രക്ഷാപ്രവർത്തനം നടത്തേണ്ട സമയത്ത് മുൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.











0 comments