എംഎസ്‌എഫിന് വർഗീയ നിലപാട് : പി എസ് സഞ്ജീവ്

കണ്ണൂർ
എംഎസ്‌എഫ് സ്വീകരിക്കുന്നത് വർഗീയവാദ നിലപാടെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കേരളത്തിലെ കാമ്പസുകളിൽ സംഘപരിവാറിനെ സഹായിക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. അങ്ങനെയുള്ള എംഎസ്‌എഫ്, എസ്‌എഫ്‌ഐക്കെതിരെ സംഘപരിവാർ ചാപ്പയുമായി വരുന്നത് വിലപ്പോകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എംഎസ്‌എഫ് വർഗീയ സംഘടനയായി എന്നത് രാഷ്‌ട്രീയ വിമർശമാണ്. അവരുടെ രാഷ്‌ട്രീയാടിത്തറയാണ് ചോദ്യംചെയ്‌തത്. ഇക്കാര്യത്തിൽ നേരാംവണ്ണം പ്രതികരിക്കാനോ നിഷേധിക്കാനോ അവർക്കായിട്ടില്ല. ജമാഅത്തെ ഇസ്ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും ക്ലീൻചിറ്റ് നൽകി ഇടംകൊടുക്കുകയാണ് എംഎസ്‌എഫ്. വർഗീയതയുടെ നാവായി പ്രവർത്തിക്കുകയാണ് അതിന്റെ പ്രസിഡന്റ്. സമീകരിക്കപ്പെട്ട മതരാഷ്‌ട്രവാദ ചിന്തയിലേക്കാണ് അണികളുടെ പോക്ക്.
ചരിത്രധാരണയിലല്ല എംഎസ്‌എഫ് പ്രവർത്തിക്കുന്നത്. അവർക്ക് മുസ്ലിംവിഭാഗത്തിന്റെ അട്ടിപ്പേറവകാശമില്ല. എംഎസ്എഫിനെ വിമര്‍ശിച്ചാല്‍ മതവിമര്‍ശനമാക്കി ചിത്രീകരിക്കുകയാണ്. കേരളത്തിലെ ക്യാമ്പസുകളിലെ ഒന്നാം നമ്പര്‍ വര്‍ഗീയവാദ സംഘടനയായി മാറാനുള്ള ശ്രമത്തിലാണവർ. സർവകലാശാല കാവിവൽക്കരണം, എൻസിഇആർടി പാഠപുസ്‌തക വിഷയം, പുതിയ വിദ്യാഭ്യാസ നയം എന്നിവയിലൊന്നും സംഘപരിവാറിനെതിരായ സമരത്തിൽ എംഎസ്‌എഫിനെ കാണാനാകില്ല. ന്യൂനപക്ഷ സ്‌കോളർഷിപ് വിഷയത്തിൽ മതധ്രുവീകരണത്തിനാണ് ശ്രമിച്ചത്. വർഗീയത പറഞ്ഞാണ് എംഎസ്‌എഫ് സംഘടനാപ്രവർത്തനം നടത്തുന്നതെന്നും സഞ്ജീവ് പറഞ്ഞു.









0 comments