Deshabhimani

print edition അറസ്‌റ്റിനു പിന്നിൽ 
രാഷ്ട്രീയ സമ്മർദം; പി എസ്‌ പ്രശാന്ത്‌

P S PRASANTH
വെബ് ഡെസ്ക്

Published on Jul 24, 2026, 12:00 AM | 1 min read

തിരുവനന്തപുരം: അറസ്‌റ്റിനുപിന്നിൽ യുഡിഎഫ്‌ സർക്കാരിന്റെ രാഷ്ട്രീയ സമ്മർദമാണെന്ന്‌ തിരുവിതാംകൂർ ദേവസ്വംബോർഡ്‌ മുൻ പ്രസിഡന്റ്‌ പി എസ്‌ പ്രശാന്ത്‌. കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന അന്വേഷണത്തോട്‌ സഹകരിക്കും. എന്നാൽ രാഷ്ട്രീയദുഷ്ടലാക്കോടെയുള്ള നീക്കങ്ങളെ തുറന്നുകാട്ടുകയും ചെയ്യും.


‘2019 ലെ ശബരിമല സ്വർണമോഷണ കേസ് പുറത്തുകൊണ്ടുവരാൻ സത്യസന്ധമായി പ്രവർത്തിച്ചത്‌ ഞങ്ങളുടെ ബോർഡാണ്‌. 2025ൽ ദ്വാരപാലക ശിൽപ്പങ്ങൾ കൊണ്ടുപോയതിൽ നഷ്ടമോ കുറവോ നടപടിക്രമങ്ങളിൽ വീഴ്ചയോ ഉണ്ടായിട്ടില്ല. സ്‌പെഷൽ കമീഷണറെ അറിയിക്കാതെ കൊണ്ടുപോയത് 2019ലെ ബോർഡിനെ രക്ഷിക്കാനാണെന്ന വാദമാണ് ഉന്നയിക്കുന്നത്.


ഞങ്ങളുടെ ബോർഡ് വരുന്നതിന് ആറുമാസം മുമ്പുതന്നെ വാതിലിന്റെയും കട്ടിളപ്പാളികളുടെയും ദ്വാരപാലക ശിൽപ്പങ്ങളുടെയും ന്യൂനത പരിഹരിക്കാൻ ഫയൽ നീക്കം ആരംഭിച്ചിരുന്നു. ഫയൽ നീക്കം പുതിയ ബോർഡ് അറിഞ്ഞില്ല. സ്‌പോൺസറുടെ കൈവശം ചെന്നെയിലേക്ക്‌ കൊടുത്തുവിടണം എന്നായിരുന്നു ഉദ്യോഗസ്ഥറിപ്പോർട്ട്. എന്നാൽ, സ്‌പോൺസറുടെ കൈയിൽ കൊടുത്തുവിടാനാകില്ല, ദേവസ്വം ഉദ്യോഗസ്ഥർ വിജിലൻസിന്റെ സാന്നിധ്യത്തിൽ കൊണ്ടുപോയി നവീകരിച്ച് പുനഃസ്ഥാപിക്കണം എന്നാണ്‌ ബോർഡ്‌ നൽകിയ ഉത്തരവ്.


ഞങ്ങൾ കൊടുത്ത ഫയലിൽനിന്നാണ് കോടതി 2019ലെ വിഷയങ്ങൾ കണ്ടെത്തിയത്. കോടതിയുടെ കണ്ടെത്തലിനുശേഷം സർക്കാരും ബോർഡും ആവശ്യപ്പെട്ടതിന്റെകൂടി അടിസ്ഥാനത്തിലാണ് എസ്‌ഐടി അന്വേഷണം കോടതി പ്രഖ്യാപിച്ചത്. രണ്ടുവർഷം കാലാവധിയിൽവരുന്ന ബോർഡിന് ദേവസ്വം ഉദ്യോഗസ്ഥരും വിജിലൻസും തരുന്ന റിപ്പോർട്ടനുസരിച്ചേ തീരുമാനമെടുക്കാൻ കഴിയൂ’– അദ്ദേഹം ഫെയ്‌സ്‌ ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home