ad
Deshabhimani

print edition വിസി നിയമനം ; ചാൻസലറുടെ വാദം 
യുക്തിരഹിതം : പി രാജീവ്‌

p rajeev
വെബ് ഡെസ്ക്

Published on Dec 12, 2025, 01:45 AM | 2 min read


തിരുവനന്തപുരം

സാങ്കേതിക സർവകലാശാലാ വിസി സ്ഥാനത്തേക്കുള്ള പട്ടികയിലെ ഒന്നും രണ്ടും റാങ്കുകാരെക്കുറിച്ച്‌ ഒരു വിയോജിപ്പും ചാൻസലറുടെ സത്യവാങ്‌മൂലത്തിൽ ഇല്ലാതിരിക്കെ നാലാംപേരുകാരിയെത്തന്നെ നിയമിക്കണം എന്നുപറയുന്നതിൽ ഒരു യുക്തിയുമില്ലെന്ന്‌ മന്ത്രി പി രാജീവ്‌. രണ്ടു പേരാണ്‌ രണ്ട്‌ സർവകലാശാലകളുടെയും പാനലിൽ വന്നത്‌. അതുകൊണ്ട്‌ അവരായിരിക്കും ഏറ്റവും മികച്ചതെന്നാണ്‌ ചാൻസലർ സത്യവാങ്‌മൂലത്തിൽ പയുന്നത്‌. അത്‌ വളരെ ദുർബലമായ വാദമാണ്‌.


ഡിജിറ്റൽ സർവകലാശാലയിൽ അപേക്ഷിച്ച്‌ ഒന്നാമതായി വന്നയാൾ കെടിയുവിൽ അപേക്ഷിച്ചിട്ടില്ല. കെടിയുവിലെ ഒന്നും രണ്ടും പേരുകാർ ഡിജിറ്റലിൽ അപേക്ഷിച്ചിട്ടില്ല. ഉദാഹരണമായി, കേരള യൂണിവേഴ്‌സിറ്റിക്കും മറ്റൊരു യൂണിവേഴ്‌സിറ്റിക്കും വേണ്ടി അപേക്ഷ ക്ഷണിക്കുന്പോൾ, കേരള യ‍ൂണിവേഴ്‌സിറ്റിക്കു വേണ്ടി ആൽബർട്ട്‌ ഐൻസ്‌റ്റീൻ അപേക്ഷിച്ചു എന്നു കരുതുക. ബാക്കി നാലഞ്ചുപേർ രണ്ടു യൂണിവേഴ്‌സിറ്റിയിലും അപേക്ഷിച്ചിട്ടുണ്ട്‌. അങ്ങനെ വരുമ്പോൾ ഐൻസ്‌റ്റീനെക്കാൾ യോഗ്യർ മറ്റുള്ളവരാണെന്ന്‌ എങ്ങനെയാണ്‌ പറയാനാവുക. എത്ര യുക്തി രഹിതമാണത്‌. ഇതാണ്‌ സർക്കാർ പറഞ്ഞത്‌.

ചാൻസലറുടെ അഭിഭാഷകൻ സീൽചെയ്‌ത ഒരു കെട്ട്‌ കവറുകളുമായാണ്‌ സുപ്രീംകോടതിയിലെത്തിയത്‌. അത്‌ സ്വീകരിക്കാൻപോലും കോടതി തയ്യാറായില്ല. സുതാര്യമായല്ല, എല്ലാം സീൽചെയ്ത്‌ കൊടുക്കലാണ്‌ ചാൻസലറുടെ സമീപനം.

സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയോട്‌ എല്ലാ രേഖകളും ചാൻസലർ ആവശ്യപ്പെടുകയുണ്ടായി. സർക്കാർ അങ്ങനെ ചെയ്‌തില്ല. കാരണം, സുപ്രീംകോടതി മുൻ ജഡ്‌ജി കൺവീനറായ സെർച്ച്‌ കമ്മിറ്റി അവരുടെ വിവേകം ഉപയോഗിച്ചാണ്‌ വന്ന അപേക്ഷകൾ വിലയിരുത്തി പാനൽ തയ്യാറാക്കിയത്‌. അങ്ങനെ ഒരു പാനൽ തയ്യാറാക്കുമ്പോൾ നിങ്ങൾ എങ്ങനെ ഇ‍ൗ തീരുമാനത്തിലെത്തി എന്ന്‌ ചോദിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കുമില്ല, ചാൻസലർക്കുമില്ല.

സർവകലാശാലകൾക്കുവേണ്ടി പണം മുഴുവൻ മുടക്കുന്നത്‌ സംസ്ഥാന സർക്കാരാണ്‌. യുജിസിയിൽനിന്ന്‌ ചെറിയ വിഹിതമാണ്‌ ലഭിക്കുന്നത്‌. ചാൻസലർ സ്ഥാനം സംസ്ഥാന സർക്കാർ നൽകിയ പദവിയാണ്‌. അപ്പോൾ സർക്കാരിന്റെ ഭാഗമായി നിൽക്കേണ്ട ആളാണ്‌. ചാൻസലർമാരുമായി മന്ത്രിമാർ നടത്തിയ ചർച്ച സംബന്ധിച്ച മനോരമ വാർത്ത അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.


സുപ്രീംകോടതി വിധി സ്വാഗതാർഹം: മന്ത്രി പി രാജീവ്‌

തിരുവനന്തപുരം

വിസി നിയമനവുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതി ഉത്തരവ്‌ സ്വാഗതാർഹമാണെന്നും സർക്കാർ പൂർണമായും യോജിക്കുന്നതായും നിയമമന്ത്രി പി രാജീവ്‌ പറഞ്ഞു. ചാൻസലർ പിടിവാശി സ്വീകരിച്ചതുകൊണ്ടാണ്‌ ചർച്ച എങ്ങുമെത്താതെ പോയത്‌. ഇപ്പോൾ കോടതി ഒരു നിലപാടെടുത്തു. അത്‌ സ്വാഗതാർഹമാണ്‌.

സർക്കാരിന്‌ ഇന്നയാൾ വിസിയായി വരണമെന്നില്ല. സർവകലാശാലയുടെ നിലവാരം ഉയർത്താനാകുന്നയാൾ ആകണമെന്നേയുള്ളൂ. സുപ്രീംകോടതി നിർദേശിച്ചപോലെ സമവായത്തിലെത്തിക്കാനാണ്‌ സർക്കാർ ശ്രമിച്ചത്‌. അതിനാണ്‌ മന്ത്രിമാർ കൂടിക്കാഴ്‌ച നടത്തിയത്‌. ചാൻസലർ വച്ച നിർദേശം പരിഗണിക്കാമെന്നും മുഖ്യമന്ത്രി പ്രകടിപ്പിച്ച അഭിപ്രായംകൂടി പരിഗണിച്ച്‌ സമവായത്തിലെത്താമെന്നുമാണ് ഞങ്ങൾ അറിയിച്ചത്‌. സുപ്രീംകോടതി നൽകിയ അവസരം ഉപയോഗപ്പെടുത്തുകയാണ്‌ വേണ്ടതെന്നും വീണ്ടും കോടതിയിലേക്ക്‌ പോകേണ്ടെന്നുമുള്ള നിലപാടാണ്‌ സർക്കാർ സ്വീകരിച്ചത്‌. വിയോജിപ്പുണ്ടെങ്കിൽ ചാൻസലർക്ക്‌ കോടതിയെ അറിയിക്കാം. മുഖ്യമന്ത്രി ഒരു പേരിലാണ്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചത്‌. ചാൻസലറും ഒരു പേരിൽ വ്യത്യസ്‌തത പ്രകടിപ്പിച്ചു. അത്തരം കാര്യങ്ങളിൽ സുപ്രീംകോടതി പറയുന്നപോലെ തീരുമാനത്തിലേക്ക്‌ പോകാമായിരുന്നു. ചാൻസലറുടെ പിടിവാശികാരണം നടന്നില്ല. ഇപ്പോൾ മുൻഗണനാക്രമം അനുസരിച്ചുള്ള പാനൽ കോടതിയിൽ സമർപ്പിക്കാൻ കമ്മിറ്റിയോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌ സുപ്രീംകോടതി.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ സർവകലാശാലകൾ മികവാർന്ന നിലയിലാണ്. അതിനെ ശക്തിപ്പെടുത്തുകയാണ്‌ ചാൻസലർ ചെയ്യേണ്ടത്‌. സ്വകാര്യ സർവകലാശാല ബില്ലിന്‌ ഇതുവരെ അംഗീകാരം നൽകിയില്ല. എല്ലാ സംസ്ഥാനങ്ങളിലും ഇതു സംബന്ധിച്ച്‌ നിയമമുണ്ട്‌. പൊതു സർവകാശാലകൾ തകരണം, സ്വകാര്യ സർവകലാശയും വേണ്ട എന്ന കാഴ്‌ചപ്പാടാണോ ചാൻസലർക്ക്‌ എന്ന്‌ സംശയിക്കേണ്ടിവരുമെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി നൽകി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home