print edition സ്ഥിരം വിസി നിയമനം ; സർക്കാർ ശ്രമിക്കുന്നത് സമവായത്തിന് : പി രാജീവ്

തിരുവനന്തപുരം
സാങ്കേതിക, ഡിജിറ്റൽ സര്‍വകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സമവായത്തോടെ പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചകൾ തുടരും. ഗവർണറുമായുള്ള കൂടിക്കാഴ്‌ചയിലെ വിവരം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
സ്ഥിരം വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ആർ ബിന്ദുവും പി രാജീവും ബുധനാഴ്‌ചയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി കൂടിക്കാഴ്‌ച നടത്തിയത്. സർക്കാർ നിലപാട് മന്ത്രിമാർ ഗവർണറെ അറിയിച്ചു. സമവായത്തിൽ എത്താനായില്ലെങ്കെിൽ വിസി നിയമനം കോടതി നടത്തുമെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, പി ബി വരാലെ എന്നിവരുടെ ബെഞ്ച് അറിയിച്ചിരുന്നു. വ്യാഴാഴ്‌ച വീണ്ടും സുപ്രീംകോടതി കേസ് പരിഗണിക്കും.
റിട്ട. സുപ്രീംകോടതി ജഡ്‌ജി സുധാൻഷു ധൂലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റികൾ സർക്കാർ രൂപീകരിച്ചിരുന്നു. സെർച്ച് കമ്മിറ്റികൾ വിസി നിയമനത്തിനുള്ള പട്ടികയും സർക്കാരിന് കൊടുത്തു. മുഖ്യമന്ത്രി ഇതിൽ മുൻഗണന നിശ്‌ചയിച്ച് ഗവർണർക്ക് നൽകി. അദ്ദേഹം അതിൽനിന്ന് വ്യത്യസ്‌തമായ അഭിപ്രായം സുപ്രീംകോടതിയിൽ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോൾ, ഒരു സമവായത്തിൽ എത്തുന്നില്ലേ എന്ന് ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുൻകൈയെടുത്ത് ഇക്കാര്യം ചർച്ച ചെയ്യാൻ ചാൻസലറോട് ആവശ്യപ്പെട്ടതെന്ന് പി രാജീവ് പറഞ്ഞു.










0 comments