print edition പ്രതിപക്ഷം മാപ്പുപറയണം : പി രാജീവ്

തിരുവനന്തപുരം
നിയമസഭയെ അലങ്കോലമാക്കി, ബജറ്റ് ചർച്ചകളിൽനിന്ന് ഒളിച്ചോടിയ പ്രതിപക്ഷം നിയമസഭയോടും ജനങ്ങളോടും മാപ്പു പറയണമെന്ന് മന്ത്രി പി രാജീവ്. ശബരിമലയിലെ സ്വർണമോഷണക്കേസിൽ എസ്‌ഐടി അന്വേഷണം തൃപ്തികരമാണെന്ന ഹൈക്കോടതി പരാമർശത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ റിപ്പോർട്ടു കൊടുക്കുന്നത് കോടതിക്കാണ്. എന്നിട്ടും എസ്‌ഐടിയിൽ രണ്ടുപേരെ സർക്കാർ തിരുകിക്കയറ്റിയെന്നായിരുന്നു ആദ്യം പ്രതിപക്ഷത്തിന്റെ ആക്ഷേപം. അവരുടെ പേര് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. എന്നിട്ട് ഇതുവരെ പുറത്തുവിട്ടോ.
പ്രതിപക്ഷ ആക്ഷേപം കോടതി തള്ളി. എസ്‌ഐടി അന്വേഷണം നിലച്ചുവെന്നും സർക്കാർ നിയന്ത്രിക്കുന്നുവെന്നുമാണ് ഇപ്പോൾ ആക്ഷേപം. അതുംതള്ളിയാണ് അന്വേഷണത്തിൽ ഹൈക്കോടതി പൂർണ തൃപ്‌തി രേഖപ്പെടുത്തിയത്. കുത്തുകേസിലേതുപോലെ ഇതിൽ കുറ്റപത്രം നൽകാനാവില്ലെന്നും അന്വേഷിക്കുന്നത് കോടതിയാണെന്നും കോടതി പറഞ്ഞു. ഇനിയും അന്വേഷിക്കാനുണ്ട് എന്നതിനാൽ തുടരാനാണ് നിർദേശം.
എസ്‌ഐടി അന്വേഷണത്തെ സർക്കാർ നിയന്ത്രിക്കുന്നുവെന്നുപറഞ്ഞ് ബഹളംവയ്‌ക്കുന്ന പ്രതിപക്ഷം വ്യാഴാഴ്‌ച സഭയിൽ എന്ത് നിലപാടെടുക്കും എന്നറിയാൻ താൽപ്പര്യമുണ്ട്. അന്വേഷണത്തിലെ സർക്കാർ നിലപാട് നേരത്തെ പറഞ്ഞതാണ്. എന്നിട്ടും ബഹളംവയ്‌ക്കുന്നതിനുപിന്നിൽ മറ്റെന്തോ ലക്ഷ്യമുണ്ട്. സോണിയ ഗാന്ധിയുടെ വസതിയിലേക്ക് കേസിൽ പ്രതികളായ മൂന്നുപേർ എത്തിയതെങ്ങനെ എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടില്ലെന്നും രാജീവ് ചൂണ്ടിക്കാട്ടി.










0 comments