ഒപ്പുവച്ചത് 1,81,209 കോടിയുടെ നിക്ഷേപ താല്‍പ്പര്യപത്രം, 4,97,800 പുതിയ തൊഴിലവസരം
print edition ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി ; 55,000 കോടിയുടെ പദ്ധതികൾ തുടങ്ങി

കൊച്ചി
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ ലഭിച്ച നിക്ഷേപ വാഗ്‌ദാനങ്ങളില്‍ 54,908.22 കോടിയുടെ പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചു. ഒരുവര്‍ഷമാകും മുന്പെ 40.35 ശതമാനം പദ്ധതികളുടെ നിര്‍മാണം ആരംഭിക്കാനായത് ചരിത്രനേട്ടമാണെന്ന് വ്യവസായമന്ത്രി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചകോടിയില്‍ 449 നിക്ഷേപകരില്‍നിന്ന് 1,81,209 കോടിയുടെ നിക്ഷേപ താല്‍പ്പര്യപത്രങ്ങളാണ് ലഭിച്ചത്. അതില്‍ ഭൂമി ലഭ്യമായ 285 പദ്ധതികളില്‍ 115 എണ്ണമാണ് (40.35 ശതമാനം) നിര്‍മാണമാരംഭിച്ചത്. പലതും പ്രവര്‍ത്തനവും തുടങ്ങി. ഇതിലൂടെ മാത്രം 66,073 തൊഴിലവസരമാണ് സൃഷ്‌ടിക്കപ്പെടുക.
ലഭിച്ച നിക്ഷേപ താല്‍പ്പര്യപത്രം യാഥാർഥ്യമാക്കാൻ സമയബന്ധിത നടപടി സ്വീകരിക്കുകയാണ്. ഇത് പൂര്‍ത്തിയാകുമ്പോള്‍ ആകെ 4,97,800 പുതിയ തൊഴിലവസരങ്ങളുണ്ടാകും. സര്‍ക്കാരും സംരംഭകസമൂഹവും ടീമായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇൗ നേട്ടം– മന്ത്രി പറഞ്ഞു. പത്തുവര്‍ഷത്തെ നിരന്തര പരിശ്രമങ്ങളിലൂടെ സംസ്ഥാനം കൈവരിച്ച വ്യവസായ സൗഹൃദ അന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തി കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും സാധ്യത ആഗോളതലത്തില്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
ഐടി, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിനോദസഞ്ചാരം, ഭക്ഷ്യസംസ്‌കരണം, ഹെല്‍ത്ത്കെയര്‍ തുടങ്ങി 22 മുന്‍ഗണനാ മേഖലകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. നിക്ഷേപ പദ്ധതി നടപ്പാക്കാൻ നിക്ഷേപ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതികളെ തരംതിരിച്ച് ഒരോന്നിലെയും പുരോഗതി വിലയിരുത്താന്‍ കെഎസ്ഐഡിസി, വ്യവസായ വാണിജ്യ ഡയറക്‌ടറേറ്റ്, കിന്‍ഫ്ര എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിക്ഷേപകര്‍ക്ക് അനുമതികൾ ലഭ്യമാക്കാൻ പ്രത്യേക സംവിധാനമുണ്ട്. ബുധനാഴ്‌ചകളിൽ വ്യവസായമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗവും ചേരുന്നു. നിക്ഷേപ പ്രക്രിയ കൂടുതല്‍ സുതാര്യമാക്കാന്‍ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തി.
ആദ്യമായാണ് കേരളത്തില്‍ നിക്ഷേപ ഉച്ചകോടിക്ക് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പൊതുജനത്തിനുമുന്നില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. ദാവോസ് ലോക സാമ്പത്തിക ഫോറത്തില്‍ രണ്ടുതവണയായി കേരളത്തിന്റെ സാധ്യതകള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചു. ഇതിലൂടെ ഒപ്പുവച്ച 1.18 ലക്ഷം കോടിയുടെ നിക്ഷേപ താല്‍പ്പര്യപത്രം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.










0 comments