print edition കേന്ദ്ര വഖഫ് നിയമം: സംസ്ഥാനസർക്കാരിന്റെ പിന്തുണയോടെ എതിർവാദം റദ്ദായി- പി രാജീവ്

പി രാജീവ്
കൊച്ചി: കേന്ദ്ര വഖഫ് നിയമത്തെ സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ പിന്തുണച്ചത് സുപ്രീംകോടതിയിലെ കേസിൽ കേരളത്തിന്റെ നിലപാടിനെ ദുർബലമാക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്. കേസിൽ കക്ഷിചേരാനുള്ള കേരളത്തിന്റെ അപേക്ഷ, ഹൈക്കോടതിയിലെ പ്രസ്‌താവനയും അതിനെ അടിസ്ഥാനമാക്കി പുറപ്പെടുവിച്ച ഉത്തരവും വന്നതോടെ ഫലത്തിൽ റദ്ദായെന്നും അദ്ദേഹം മാധ്യമങ്ങളോട് പ റഞ്ഞു.
കേന്ദ്ര വഖഫ് നിയമത്തിനെതിരായ കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോൾ എതിർവാദം ഉയർത്താൻ കേരളത്തിനാകില്ല. സെക്‌ഷൻ 14 ഭരണഘടനാവിരുദ്ധവും മതവിശ്വാസത്തിന് എതിരുമാണെന്ന ശക്തമായ വാദം കേരളം ഉന്നയിച്ചിരുന്നു. ഇതുപ്രകാരം വഖഫ് ബോർഡ് രൂപീകരിച്ചാൽ മുസ്ലിം അംഗസംഖ്യ ന്യൂനപക്ഷമാകുമെന്ന അപകടവും ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കളുടെ സംരക്ഷണ, നിയന്ത്രണ ചുമതലയുള്ള ബോർഡിൽ മുസ്ലിങ്ങൾ മാത്രമാണ് അംഗമാകേണ്ടതെന്നും അമുസ്ലിങ്ങൾ അംഗമാകുന്നത് ഭരണഘടനയുടെ 14, 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നുമുള്ള ശക്തമായ നിലപാടാണ് മുൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. ഇതിനിടെയാണ് 14–-ാംവകുപ്പ് പൂർണമായി അനുസരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് ഹൈക്കോടതിയെ യുഡിഎഫ് സർക്കാർ അറിയിച്ചത്. രാജ്യത്തെ ബിജെപി സർക്കാരുകൾപോലും കേന്ദ്രനിയമത്തിന് അനുകൂലമായി ഇത്രയും ശക്തമായ നിലപാടെടുത്തിട്ടുണ്ടാകില്ല. ഇതോടെ, സുപ്രീകോടതിയിലെ കേരളത്തിന്റെ മുൻനിലപാട് റദ്ദാക്കപ്പെട്ടു.
ഇതിന് ഒത്താശചെയ്‌ത മുസ്ലിംലീഗിന് മുസ്ലിം സമുദായത്തിന്റെയും മതവിശ്വാസത്തിന്റെയും താൽപ്പര്യമല്ല ഉള്ളത്. സർക്കാരിനെക്കുറിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനുള്ള സംശയവും ഇപ്പോൾ മാറിയിട്ടുണ്ടാകും. കേരളത്തിലേത് ബിജെപി സർക്കാർതന്നെയാണെന്നും പി രാജീവ് പറഞ്ഞു.











0 comments