സംസ്ഥാനത്തെ വ്യവസായാന്തരീക്ഷത്തിന് വിശ്വാസ്യതയേറി: മന്ത്രി പി രാജീവ്

കൊച്ചി
സംസ്ഥാന സർക്കാരിന്റെ വ്യവസായനയങ്ങളുടെ ഭാഗമായി രൂപപ്പെട്ട പുതിയ വ്യവസായാന്തരീക്ഷത്തിന് ആഗോളതലത്തിൽ വിശ്വാസ്യത വർധിച്ചെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന വ്യവസായവകുപ്പിന്റെ "മിഷൻ 1000 കോൺക്ലേവ്' കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാലുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ 1000 എംഎസ്എംഇകളെ ശരാശരി 100 കോടി മുകളിൽ വിറ്റുവരവുള്ള സംരംഭങ്ങളാക്കി ഉയർത്താനുള്ള പദ്ധതിയാണ് മിഷൻ 1000. നിലവിൽ പദ്ധതിയിലേക്ക് തെരഞ്ഞെടുത്ത 260 സംരംഭങ്ങൾക്കും പദ്ധതി നടപ്പാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്കുമായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.
സർക്കാരിന് എംഎസ്എംഇ സംരംഭകരിലുള്ള പ്രത്യേക താൽപ്പര്യമാണ് ഈ പദ്ധതി വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉൽപ്പാദനത്തിലും മാനേജ്മെന്റിലും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി, വെല്ലുവിളികൾ കൃത്യമായി മനസ്സിലാക്കി അവ സാധ്യതകളാക്കിമാറ്റാൻ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നത്. അതിന് ആവശ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കും. ആദ്യം 100 കോടി വരുമാനം നേടുന്ന സംരംഭത്തിന് പുരസ്കാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ മിർ മുഹമ്മദ് അലി, അഡി. ഡയറക്ടർമാരായ ജി രാജീവ്, ഡോ. കെ എസ് കൃപകുമാർ, എസ്എൽബിസി കേരള കൺവീനർ കെ എസ് പ്രദീപ്, കെ- ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ പി എം റിയാസ്, കെഎസ്എസ്ഐഎ വൈസ് പ്രസിഡന്റ് പി ജെ ജോസ്, ഫിക്കി കേരള ഹെൽത്ത് കമ്മിറ്റി ചെയർ ബിബു പുന്നാരൻ തുടങ്ങിയവരും സംസാരിച്ചു.
കെഎസ്ഐഡിസി ജനറൽ മാനേജർ വർഗീസ് മാളക്കാരൻ, ഡെപ്യൂട്ടി ജനറൽ മാനേജർ ജോസ് കുര്യൻ മുണ്ടയ്ക്കൽ, എസ്ബിഐ ചീഫ് മാനേജർ ജിജു മോഹൻ, കനറാ ബാങ്ക് ഡിവിഷണൽ മാനേജർ കെ എസ് ജോജോ, എംഎസ്എംഇ ഡിഎഫ്ഒ അസി. ഡയറക്ടർ കെ രേഖ, പിഎ ഫുട്‌വെയർ വൈസ് ചെയർമാൻ ചിന്നസ്വാമി അൻപുമലർ തുടങ്ങിയവർ വിവിധ സംരംഭവികസന വിഷയങ്ങൾ അവതരിപ്പിച്ചു.










0 comments