കൈത്തറി സ്‌കൂൾ യൂണിഫോം വിതരണം
വിദ്യാഭ്യാസ മേഖലയിൽ മികവിന്റെ മാറ്റങ്ങൾ : മന്ത്രി പി രാജീവ്

കഴക്കൂട്ടം : കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്നത് മികവിന്റെ മാറ്റങ്ങളാണെന്ന് മന്ത്രി പി രാജീവ്. 2025-–-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനതല സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോമിന്റെ വിതരണോദ്ഘാടനം കഴക്കൂട്ടം ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂൾ വിദ്യാർഥികൾക്കും കൈത്തറി തൊഴിലാളികൾക്കും സഹായകമാകുന്ന പദ്ധതിയാണിത്. ഗുണമേന്മയുള്ള യൂണിഫോം ലഭ്യമാക്കുന്നതോടൊപ്പം കൈത്തറി തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽദിനങ്ങൾ നൽകാനും കൈത്തറി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാനുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം പശ്ചാത്തല സൗകര്യമുള്ള വിദ്യാലയങ്ങൾ കേരളത്തിലാണെന്നും മന്ത്രി രാജീവ് പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. സർക്കാർ സ്‌കൂളുകളിലെ ഒന്നുമുതൽ ഏഴുവരെയുള്ള വിദ്യാർഥികൾക്കും എയ്ഡഡ് സ്‌കൂളുകളിലെ ഒന്നുമുതൽ നാലുവരെയുള്ള വിദ്യാർഥികൾക്കും യൂണിഫോം വിതരണം ചെയ്യും. സ്‌കൂൾ തുറക്കുന്നതിന് ഒന്നര മാസംമുമ്പേ യൂണിഫോം വിതരണം തുടങ്ങിയെന്നത് ചരിത്ര സംഭവമാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. വിദ്യാർഥികൾ മന്ത്രിമാരിൽനിന്ന് യൂണിഫോം ഏറ്റുവാങ്ങി.
ചെലവിട്ടത് 629 കോടി
കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിക്കായി 629 കോടിരൂപയാണ് സർക്കാർ ചെലവഴിച്ചത്. 6841 സ്‌കൂളിലെ 9.33 ലക്ഷം വിദ്യാർഥികൾക്ക് രണ്ട് ജോഡി യൂണിഫോം 42 വ്യത്യസ്ത കളർ കോഡുകളിൽ ലഭിക്കും. 40 ലക്ഷം മീറ്റർ കൈത്തറി തുണിയാണ് ഉപയോഗപ്പെടുത്തിയത്.











0 comments