print edition പ്രതിപക്ഷ നേതാവിന്റെ പ്രചാരവേല ചെലവാകില്ല : പി രാജീവ്

കൊച്ചി
അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിലും സാമൂഹ്യസുരക്ഷാ പെൻഷൻ വർധനയിലും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തെറ്റായ പ്രചാരവേല ചെലവാകില്ലെന്ന് വ്യവസായമന്ത്രി പി രാജീവ്. അതിദാരിദ്ര്യമുക്ത പ്രവർത്തനങ്ങളിൽ എന്തെങ്കിലും സംശയം നിയമസഭയിൽ പ്രതിപക്ഷനേതാവ് ഉന്നയിച്ചിട്ടില്ല. കേരളം എന്തെങ്കിലും നേട്ടം കൈവരിച്ചാൽ അങ്ങനെയല്ലെന്ന് സ്ഥാപിച്ച് ആത്മനിർവൃതി കൊള്ളുന്ന കേരളവിരുദ്ധ സംഘമുണ്ട്. കേരളത്തിൽ ഒന്നും വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇൗ സംഘം. പ്രതിപക്ഷനേതാവും അതിൽപ്പെടുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് നേതൃത്വം നൽകുന്ന എറണാകുളം ജില്ലാപഞ്ചായത്തും പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളും അതിദാരിദ്ര്യമുക്ത പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനങ്ങളുടെ വിജയമാണിത്. ഈ വിജയം എല്ലാവർക്കും അവകാശപ്പെട്ടതാണ്. നാടിനെ അപകീർത്തിപ്പെടുത്തുന്ന സമീപനം തെറ്റാണ്. യുഡിഎഫ് കാലത്തെ പെൻഷൻ കുടിശ്ശികയെക്കുറിച്ച് ഉമ്മൻചാണ്ടിയും സിഎജിയും പറഞ്ഞതുണ്ട്. ഉത്തരവുകളുമുണ്ട്. നിയമസഭയിൽ സർക്കാർ തുറന്നുകാണിച്ചിട്ടുമുണ്ട്– മന്ത്രി പറഞ്ഞു.









0 comments