രാഹുൽഗാന്ധിയെക്കണ്ട് പ്രശ്‌നം ഉന്നയിക്കാൻ ഒരുങ്ങി കുഞ്ഞാലിക്കുട്ടി
print edition സീറ്റ് വിഭജന ചർച്ചയില്ല ലീഗിൽ കടുത്ത അസംതൃപ്‌തി

ജിജോ ജോർജ്
Published on Feb 23, 2026, 02:00 AM | 1 min read
മലപ്പുറം
യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച എങ്ങുമെത്താത്തതിൽ മുസ്ലിംലീഗിന് കടുത്ത അസംതൃപ്‌തി. സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധിയെ കാണാൻ ശനിയാഴ്‌ച ഡൽഹിയിലേക്ക് പോകാനൊരുങ്ങിയ ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് തടഞ്ഞു.
ബുധനാഴ്‌ച രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്പോൾ കാണാൻ സംവിധാനമുണ്ടാക്കാമെന്ന ഉറപ്പാണ് കുഞ്ഞാലിക്കുട്ടിക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ നൽകിയത്. പല സീറ്റുകളിലും നേതാക്കളുടെ പേരുകൾ പ്രചരിക്കുന്നുണ്ടെങ്കിലും യുഡിഎഫിൽ ഇതുവരെ സീറ്റ് വിഭജന ചർച്ച നടന്നിട്ടില്ല. സീറ്റ് വിഭജനം വേഗം പൂർത്തിയാക്കി സ്ഥാനാർഥിയെ നിർണയിച്ച് പ്രചാരണത്തിന് ഇറങ്ങണമെന്നാണ് ലീഗ് നിലപാട്. എന്നാൽ, ലീഗിന്റെ ആവശ്യം പരിഗണിക്കാതെ മുന്നോട്ടുപോവുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ലീഗ് കൂടുതൽ സീറ്റ് ചോദിക്കില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞതെങ്കിലും കൂടുതൽ കിട്ടിയാൽ കൊള്ളമെന്ന ആഗ്രഹം അണികൾക്കുണ്ട്. ചില സീറ്റുകൾ കോൺഗ്രസുമായി വച്ചുമാറാനുംതാൽപ്പര്യമുണ്ട്. എന്നാൽ, ലീഗിന്റെ ആവശ്യം മുൻകൂട്ടിക്കണ്ട് കോൺഗ്രസ് ചില കരുനീക്കങ്ങൾ നടത്തിയതോടെ അത്തരം ചർച്ചകൾ വഴിമുട്ടി.
കോൺഗ്രസ് മത്സരിക്കുന്ന പട്ടാന്പി, തവനൂർ മണ്ഡലങ്ങളിൽ മത്സരിക്കാൻ ലീഗിന് താൽപ്പര്യമുണ്ട്. എന്നാൽ, ഇൗ സീറ്റുകൾ വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറല്ല. പട്ടാന്പിക്കുപകരം സംവരണ മണ്ഡലമായ കോങ്ങാട് നൽകാമെന്നാണ് ലീഗ് പറയുന്നത്. തവനൂരിന് പകരം കോഴിക്കോട് ജില്ലയിലെ തിരുവന്പാടി കോൺഗ്രസിന് നൽകാമെന്ന് ലീഗ് കരുതുന്നു. രണ്ട് കാര്യങ്ങളിലും തീരുമാനമായിട്ടില്ല. തിരുവന്പാടി വിട്ടുകൊടുത്താൽ പ്രദേശികമായി വലിയ പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യതയും ലീഗ് മുന്നിൽ കാണുന്നു.










0 comments