ഫിറോസിനെ തിരിഞ്ഞുകുത്തി ‘പോസ്റ്റുകൾ’
ലഹരി പരിശോധനയ്ക്കിടെ പൊലീസിന് മർദനം ; യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ സഹോദരൻ റിമാൻഡിൽ

കുന്നമംഗലം
ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈർ (35) റിമാൻഡിൽ. കുന്നമംഗലം കോടതിയാണ് റിമാൻഡ് ചെയ്തത്. പതിമംഗലം സ്വദേശിയായ ബുജൈർ ലഹരി ഇടപാട് നടത്താൻ ശനി വൈകിട്ട് കോഴിക്കോട് ചൂലാംവയൽ ബസ് സ്റ്റോപ്പിനുമുന്നിൽ എത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
വാഹനമുൾപ്പെടെ പരിശോധിക്കണമെന്ന് പറഞ്ഞപ്പോൾ ബുജൈർ പൊലീസുകാരെ തള്ളുകയും മുഖത്തും നെഞ്ചിലും ഇടിക്കുകയും ചെയ്തു. കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ എസ്സിപിഒ അജീഷിന് പരിക്കേറ്റു. രാത്രി ഒമ്പതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്.
ബുജൈറിന്റെ ബൈക്കിൽനിന്ന് ലഹരി പദാർഥങ്ങൾ പൊതിയാനുള്ള പേപ്പറും മറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ലഹരിമരുന്ന് കേസിൽ കഴിഞ്ഞദിവസം ചൂലാംവയലിൽ പിടിയിലായ ആമ്പ്രമ്മൽ റിയാസിന്റെ വാട്സാപ് ചാറ്റുകളിൽ ബുജൈറുമായിചേർന്നുള്ള ലഹരി ഇടപാടുകളുടെ വിവരങ്ങളുണ്ട്.
ഫിറോസിനെ തിരിഞ്ഞുകുത്തി ‘പോസ്റ്റുകൾ’
ലഹരിക്കേസ് അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സഹോദരൻ അറസ്റ്റിലായതോടെ യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയെ തിരിഞ്ഞുകുത്തി സ്വന്തം സോഷ്യൽമീഡിയ പോസ്റ്റുകളും. ഫിറോസും അറസ്റ്റിലായ സഹോദരൻ ബുജൈറും നേരത്തെ ലഹരി വിഷയത്തിൽ ഫേസ്ബുക്കിലിട്ട പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറയുന്നത്. ബുജൈറിന്റെ മിക്ക ഫേസ്ബുക്ക് പോസ്റ്റുകളും തന്റെ ലഹരി ഉപയോഗം തുറന്നുസമ്മതിക്കുന്നവയാണ്.
സഹോദരന്റെ ലഹരി ഇടപാടുകൾ പുറത്തുവന്നതോടെ ഫിറോസിന്റെ നിലപാടുകളിലെ ഇരട്ടത്താപ്പും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ‘എവിടെ നിന്നാണ് കേരളത്തിലേക്ക് ഇത്രയും മയക്കുമരുന്നുകൾ വരുന്നത്?’, ‘മയക്കുമരുന്നിന്റെ വൻ ഒഴുക്ക് തടയാൻ കഴിയാത്തത് എന്തുകൊണ്ട്’ ‘മയക്കുമരുന്ന് ലോബിയെ സഹായിക്കുന്നവർ കപ്പലിൽ തന്നെയല്ലേ’ തുടങ്ങിയ പോസ്റ്റുകളാണ് ഫിറോസ് നേരത്തെ ഫേസ്ബുക്കിലിട്ടത്. ‘6.6 ഗ്രാം എംഡിഎംഎ രണ്ട് ടീസ്പൂണിലേക്ക് പോലുമുണ്ടാകില്ല, ആ ലോഡ്‌ജിൽ മുറിയെടുത്ത കമിതാക്കൾക്ക് സ്വന്തം ആവശ്യത്തിന് തന്നെ തികയുമോന്ന് സംശയമാണ്’ എന്നാണ് ബുജൈറിന്റെ ഒരു പോസ്റ്റ്. ‘വ്യക്തിപരമായി സിന്തറ്റിക്ക് താൽപ്പര്യമില്ലാത്ത ആളാണ് താനെന്നും മഷ്റൂം നല്ല അനുഭവമായിരുന്നു’വെന്നുമാണ് മറ്റൊരാളുടെ പോസ്റ്റിന് ബുജൈറിന്റെ കമന്റ്. സിന്തറ്റിക് ഡ്രഗ് നിയന്ത്രിതമായി ലഭ്യമാക്കണമെന്നും മറ്റൊരു പോസ്റ്റിൽ ബുജൈർ ആവശ്യപ്പെടുന്നു. ഇവ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ലീഗും ഫിറോസും പ്രതിരോധത്തിലാണ്.










0 comments